ആനയില്ലാ പൂരങ്ങള്‍ക്ക് ആളുണ്ടാവുമോ? കാത്തിരിക്കുന്നത് വെടിക്കെട്ടുകളുടെ അതേ ഗതിയോ?

#എ.കെ. സതീഷ്‌കുമാര്‍
ഫോട്ടോ: സിദ്ദിഖുൽ അക്ബർ
ഫോട്ടോ: സിദ്ദിഖുൽ അക്ബർ

പുരാതന കാലത്തുനിന്ന് നമുക്ക് പകര്‍ന്നുകിട്ടിയ ആഘോഷങ്ങളാണ് പൂരങ്ങളും പെരുന്നാളുകളും നേര്‍ച്ചകളും. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന താള-വാദ്യ-വര്‍ണ വിസ്മയങ്ങള്‍. കേരളത്തിന്റെ ആത്മാവും ഹൃദയവും അവ പ്രതിഫലിപ്പിക്കുന്നു. ഭക്തിയും ആഘോഷവും സമന്വയിക്കുന്ന ഇടം. ഓരോ പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നേര്‍ച്ചകള്‍ക്കും സവിശേഷമായ ചടങ്ങുകളും പ്രത്യേകതകളുമുണ്ട്. ചില പൂരങ്ങള്‍ 1000-2000 വര്‍ഷങ്ങളായി നടത്തിവരുന്നവയാണത്രെ. 2000 വര്‍ഷം പഴക്കമുള്ള ആറാട്ടുപുഴ പൂരം ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയെങ്കിലും കഴിഞ്ഞ 1400 വര്‍ഷത്തിലധികം കാലമായി നടന്നുവരുന്നുണ്ടെന്ന് പെരുവനം ക്ഷേത്രരേഖകള്‍ പറയുന്നു. ഒരിക്കല്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ വിലക്കു കല്‍പ്പിച്ചതില്‍ കുപിതനായ ശക്തന്‍ തമ്പുരാന്‍ തന്റെ വടക്കുന്നാഥനെ ആസ്ഥാനമാക്കി എട്ട് ദേശങ്ങളെ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ പൂരം രൂപകല്പന ചെയ്തു.

ജാതി-മത-ദേശ ഭേദമില്ലാതെ കേരളീയം എന്ന ഒറ്റ വികാരത്തില്‍ നമ്മെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നവയാണ് പൂരങ്ങളും പെരുന്നാളുകളും നേര്‍ച്ചകളുമൊക്കെ. സമൂഹത്തിലെ വലിയൊരു വിഭാഗം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കാലത്തു നിന്ന് തലമുറകളായി കൈമാറിക്കിട്ടിയ പാരിതോഷികങ്ങളാണ് ഉത്സവാഘോഷങ്ങള്‍. കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രയത്‌നഫലമായി കിട്ടിയ ഉല്‍പ്പന്നങ്ങളുടെ വിപണനമേളകള്‍ കൂടിയായിരുന്നു കൊയ്ത്തുല്‍സവങ്ങള്‍. ആചാരങ്ങളുടെ ഭാഗമായി നെല്ലും അരിയും മലരും പൊരിയും നാളികേരവുമടക്കം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍സവച്ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയതും അതുകൊണ്ടാവണം.

Content Highlights: Concerns arise over Kerala`s festival traditions, especially elephant processions

Continue reading