മൂന്നിലൊന്നും മുതിർന്നവർ, ചേർത്തുപിടിച്ച് രാജ്യം; ജപ്പാനിലെ വയോധികരുടെ രസകരമായ ജീവിതം, ഒപ്പം ചില വെല്ലുവിളികളും

#നസീ മേലേതിൽ
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ടോക്യോ-രാവിലെ ചെറിയൊരു ഷോപ്പിങ് ട്രോളിയുമായി സൂപ്പർ മാർക്കറ്റിലേക്കു നടക്കുന്ന തൊണ്ണൂറു വയസ്സുകാരി. പാർക്കിൽ വ്യായാമംചെയ്യുന്ന വയോധികരുടെ സംഘം. അതിരാവിലെ പുഴക്കര വൃത്തിയാക്കി സൊറപറഞ്ഞിരിക്കുന്ന അമ്മൂമ്മ-അപ്പൂപ്പൻ സെറ്റ്. കൺവീനിയൻസ് സ്റ്റോറിൽ സാധനങ്ങൾ അടുക്കിവെക്കുന്ന നരച്ചമുടിയുള്ള ജീവനക്കാരൻ. ബസിൽ, ട്രെയിനിൽ, കഫേകളിൽ -എവിടെയും വാർധക്യത്തിന്റെ ചെറുപ്പം, ചിരികൾ.

ജപ്പാനിൽ ഇതൊന്നും അസാധാരണ കാഴ്ചയല്ല. ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്, നാലു കോടിയോളം ജനങ്ങൾ 65 വയസ്സിനു മുകളിലുള്ള ഒരു രാജ്യത്ത് വാർധക്യം ഒരു വ്യക്തിയുടെ സ്വകാര്യകാര്യമല്ല. ആരോഗ്യംമുതൽ ഗതാഗതംവരെ, തൊഴിൽമുതൽ നഗരാസൂത്രണംവരെ, സാമൂഹികബന്ധങ്ങൾമുതൽ സാങ്കേതികവിദ്യവരെ നീളുന്ന ഒരു പൊതുവിഷയമാണത്.

ജപ്പാനിലെ വാർധക്യത്തിന്റെ കഥ ദീർഘായുസ്സിന്റെമാത്രം കഥയല്ല. പ്രായമായ ഒരാൾക്ക് കഴിയുന്നത്രകാലം സ്വന്തം കാര്യങ്ങൾ സ്വയംചെയ്ത്, സ്വന്തം വീട്ടിലും നാട്ടിലും ജീവിച്ച്, സമൂഹത്തിന്റെ ഭാഗമായി അന്തസ്സോടെ തുടരാൻ എങ്ങനെ അവസരമൊരുക്കാം എന്നതിന്റെ നേർക്കാഴ്ചകൂടിയാണ്.

സുരക്ഷയുടെ പല വലയങ്ങൾ

ആദ്യത്തെ സുരക്ഷാവലയം ആരോഗ്യസംവിധാനമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിനുപുറമേ, 75 വയസ്സിനു മുകളിലുള്ളവർക്കായി പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് സംവിധാനവുമുണ്ട്. രോഗം വന്നശേഷം ചികിത്സിക്കുന്നതുപോലെത്തന്നെ, രോഗം നേരത്തേ കണ്ടെത്തുന്നതിനും ഇവിടെ പ്രാധാന്യമുണ്ട്. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുന്ന പതിവ് ആരോഗ്യപരിശോധനകളും പ്രായത്തിനനുസരിച്ചുള്ള കാൻസർ സ്‌ക്രീനിങ്ങുകളും എല്ലാ കൊല്ലവുമുള്ള ഫുൾ ബോഡി ചെക്കപ്പും ഇതിന്റെ ഭാഗമാണ്.

പ്രായം കൂടുന്നതിനൊപ്പം ഒറ്റയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമ്പോൾ ലോങ്-ടേം കെയർ ഇൻഷുറൻസ് അടുത്ത സുരക്ഷാവലയമാകുന്നു. ആവശ്യത്തിനനുസരിച്ച് ഹോം ഹെൽപ്പർ, വിസിറ്റിങ് നഴ്സ്, റീഹാബിലിറ്റേഷൻ, പകൽ പരിചരണകേന്ദ്രങ്ങൾ, നഴ്സിങ് ഹോമുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്നു. കമ്യൂണിറ്റി സപ്പോർട്ട് സെന്ററുകൾ ഇവയിലേക്കുള്ള വഴികാട്ടിയാകുന്നു. വാർധക്യം ഒരാൾ ഒറ്റയ്ക്കു ചുമക്കേണ്ട ഉത്തരവാദിത്വമായി മാറാതിരിക്കാൻ അതിന്റെ ഒരു പങ്ക് സമൂഹവും ഏറ്റെടുക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം

ആരോഗ്യസംരക്ഷണം മാത്രമല്ല സ്വതന്ത്രജീവിതം. സ്വന്തം വീടിന്റെ വാതിൽതുറന്ന് പുറത്തേക്കിറങ്ങാൻ കഴിയുക എന്നതും അതിന്റെ ഭാഗമാണ്. റെയിൽവേ സ്റ്റേഷനുകളിലെ ലിഫ്റ്റുകൾ, ചെരിഞ്ഞ നടപ്പാതകൾ, കൈവരികൾ, ബാരിയർ-ഫ്രീ ടോയ്‌ലറ്റുകൾ, ലോ-ഫ്ലോർ ബസുകൾ -ചെറുതെന്നു തോന്നാവുന്ന ഇത്തരം സൗകര്യങ്ങളാണ് പ്രായമായ ഒരാൾക്ക് നഗരത്തെ ഇപ്പോഴും സ്വന്തമായി ഉപയോഗിക്കാൻകഴിയുന്ന ഇടമാക്കി നിലനിർത്തുന്നത്.

ടോക്യോയിൽ 70 വയസ്സിനു മുകളിലുള്ളവർക്ക് ‘സിൽവർ പാസ്’ പോലുള്ള യാത്രാ ആനുകൂല്യങ്ങളുമുണ്ട്. ഡ്രൈവിങ് ലൈസൻസ് സ്വമേധയാ തിരികെനൽകുന്ന മുതിർന്നവർക്ക് ചില പ്രദേശങ്ങളിൽ ടാക്സി, ബസ് തുടങ്ങിയ ബദൽ യാത്രാസഹായങ്ങളും ലഭ്യമാണ്. ഇവയുടെ പ്രാധാന്യം യാത്രാച്ചെലവ് കുറയുന്നതിൽമാത്രം ഒതുങ്ങുന്നില്ല. ആശുപത്രിയിൽ ഒറ്റയ്ക്കു പോകാൻ കഴിയുക. സ്വന്തം സാധനങ്ങൾ വാങ്ങാൻ കഴിയുക. സുഹൃത്തിനെ കാണാൻ കഴിയുക. പാർക്കിലേക്കോ കമ്യൂണിറ്റി സെന്ററിലേക്കോ പോകാൻ കഴിയുക. ചെറുതായി തോന്നുന്ന ഈ സ്വാതന്ത്ര്യങ്ങളാണ് പലപ്പോഴും ഒരാളുടെ ആത്മാഭിമാനവും സാമൂഹികബന്ധവും ജീവിതസന്തോഷവും നിലനിർത്തുന്നത്.

കടുത്ത യാഥാർഥ്യങ്ങൾ

എന്നാൽ, ഈ ചിത്രം മുഴുവനും മനോഹരമല്ല. ആരുമറിയാതെ സ്വന്തം വീട്ടിൽ മരിക്കുകയും ദിവസങ്ങൾക്കുശേഷം മാത്രം വിവരം പുറത്തറിയുകയും ചെയ്യുന്ന ‘കൊദോകുഷി’ (ഏകാന്തമരണം) ജപ്പാനിലെ വാർധക്യത്തിന്റെ വേദനിപ്പിക്കുന്ന മറുവശമാണ്. ഡിമെൻഷ്യ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. അതിലുപരി, വയോധികരെ പരിചരിക്കാൻ ആവശ്യമായ കെയർ വർക്കർമാരുടെ ക്ഷാമവും ഗുരുതരമാകുന്നു.

അതുകൊണ്ട് ജപ്പാന്റെ വാർധക്യസംവിധാനം പൂർത്തിയായ ഒരു വിജയകഥയല്ല. പുതിയ പ്രശ്നങ്ങൾ ഉയരുന്നതിനനുസരിച്ച് ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പരീക്ഷണംകൂടിയാണ്.

കെയർ വർക്കർമാരുടെ ശാരീരികാധ്വാനം കുറയ്ക്കാൻ റോബോട്ടിക്, പവർ-അസിസ്റ്റ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. Specified Skilled Worker പോലുള്ള പുതിയ വിസസംവിധാനങ്ങളിലൂടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള വിദേശതൊഴിലാളികൾക്ക് നഴ്സിങ് കെയർ മേഖലയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കുന്നു.

ഡിമെൻഷ്യ ബാധിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും ഒത്തുചേരാനും സംസാരിക്കാനും കഴിയുന്ന ‘ഡിമെൻഷ്യ കഫേകൾ’ പല പ്രദേശങ്ങളിലുമുണ്ട്. ഒറ്റയ്ക്ക് കഴിയുന്ന വയോധികരെ ശ്രദ്ധിക്കാൻ അയൽക്കാർ, പ്രാദേശിക സ്ഥാപനങ്ങൾ, ഡെലിവറി സേവനങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന കമ്യൂണിറ്റി വാച്ചിങ് സംവിധാനങ്ങളുമുണ്ട്.

ദീർഘായുസ്സിനപ്പുറം

അതുകൊണ്ട് ജപ്പാനെ ‘വയോധികരുടെ സ്വർഗം’ എന്നോ, ഒരു ‘Ageing Crisis’ നേരിടുന്ന രാജ്യം എന്നോ മാത്രം വിശേഷിപ്പിച്ചാൽ യാഥാർഥ്യത്തെ പൂർണമായി കാണാനാവില്ല.

വാർധക്യത്തെ വെറും സംരക്ഷിക്കേണ്ട ഒരു ‘ബാധ്യത’യായി കാണാതെ, കഴിയുന്നത്ര കാലം സ്വന്തം കാലിൽ നിൽക്കാനും സ്വന്തം തീരുമാനങ്ങളെടുക്കാനും മനുഷ്യരുമായി ബന്ധപ്പെട്ടു നിൽക്കാനും താൻ ഇപ്പോഴും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് അനുഭവിക്കാനും കഴിയുന്ന ഒരു ജീവിതഘട്ടമായി കാണുക. ദീർഘമായി ജീവിക്കുക എന്നതിലുപരി, ജീവിച്ചിരിക്കുന്ന കാലത്തോളം അന്തസ്സോടെ ജീവിക്കാൻ കഴിയുക -ജാപ്പനീസ് അനുഭവത്തിൽനിന്ന് ലോകത്തിന് പഠിക്കാനുള്ള ഏറ്റവും വലിയ പാഠം.

സമൂഹത്തിൽനിന്നുള്ള വിരമിക്കലല്ല

ജപ്പാനിലെ പെൻഷൻസംവിധാനം വാർധക്യത്തിലെ സാമ്പത്തികസുരക്ഷയുടെ അടിസ്ഥാനമാണ്. ജപ്പാനിലെ മറ്റൊരു പരിചിതമായ കാഴ്ച പ്രായമായിട്ടും ജോലിചെയ്യുന്നവരാണ്. 65 വയസ്സിനുശേഷവും അനേകംപേർ തൊഴിൽരംഗത്ത് തുടരുന്നു. പഴയ ജോലിയുടെ ഭാരവുമായി തന്നെയാകണമെന്നില്ല; പലരും കുറഞ്ഞ സമയമുള്ളതോ ശാരീരികസമ്മർദം കുറവുള്ളതോ ആയ ജോലികളിലേക്ക് മാറുന്നു. ആരോഗ്യത്തിനും കഴിവിനുമനുസരിച്ച് തോട്ടപരിപാലനം, ശുചീകരണം, ഓഫീസ് സഹായം തുടങ്ങിയ ചെറിയ ജോലികളുമായി മുതിർന്നവരെ ബന്ധിപ്പിക്കാൻ ‘സിൽവർ ഹ്യൂമൻ റിസോഴ്‌സസ് സെന്റർ’ പോലുള്ള സംവിധാനങ്ങളുണ്ട്. അത് അധികവരുമാനത്തിനുള്ള വഴി മാത്രമല്ല. രാവിലെ എഴുന്നേൽക്കാൻ ഒരു കാരണം. മറ്റൊരാളെ കാണാനുള്ള അവസരം. തനിക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനാകുന്നു എന്ന ബോധം. സമൂഹത്തിന് താൻ ഇപ്പോഴും ആവശ്യമുണ്ട് എന്ന അനുഭവം.

പ്രാദേശിക ഉത്സവങ്ങൾ, കുട്ടികളുടെ സുരക്ഷ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ലൈബ്രറികൾ, വിദേശികൾക്കുള്ള ഭാഷാസഹായം തുടങ്ങിയ വൊളന്റിയർ പ്രവർത്തനങ്ങളിലും മുതിർന്നവർ സജീവമാണ്. സാമ്പത്തികമായ സംഭാവനയ്ക്കപ്പുറം, തലമുറകൾക്കിടയിലെ ബന്ധം നിലനിർത്തുന്ന ഒരു സാമൂഹികശക്തികൂടിയാണ് ഈ പങ്കാളിത്തം.

(ദീർഘകാലമായി ടോക്യോയിൽ താമസിക്കുന്ന ലേഖിക എഴുത്തുകാരിയും ഐ.ടി. പ്രൊഫഷണലുമാണ്)

Content Highlights: Japan redefines ageing through universal healthcare, long-term care insurance, barrier-free infrastructure, and flexible employment, offering global lessons on dignity, community engagement, and independence in old age despite challenges.