ഇസ്രയേലിന്റെ ആണവായുധ രഹസ്യങ്ങള്‍ ഇറാന്‍ കൈവശപ്പെടുത്തിയോ? 'മൊസാദ് ഓപ്പറേഷന്‍' ചരിത്രം മാറ്റിയെഴുതുമോ?

കഴിഞ്ഞ സെപ്റ്റംബര്‍ 24-ന്, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് ലോകനേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയ സമയത്ത്, ഇറാനിലെ ദേശീയ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി ലോകരാജ്യങ്ങളെ ഞെട്ടിച്ചു. ഇറാന്‍ പ്രസിഡണ്ട് മസൂദ് പെഷസ്‌കിയാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ചിലന്തിമട എന്നു പേരിട്ട ഡോക്യുമെന്ററി ഇറാന്റെ ദേശീയ ചാനല്‍ സംപ്രേഷണം ചെയ്തത്. ഇസ്രയേലിന്റെ ആണവായുധ പദ്ധതികള്‍, ആണവ പുനര്‍സംസ്‌കരണ സ്ഥാപനങ്ങള്‍, അവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തുടങ്ങിയ നിര്‍ണായകവിവരങ്ങള്‍ കൈവശമാക്കിയതായി ഇറാന്റെ ഇന്റലിജന്‍സ് മിനിസ്റ്റര്‍ ഇസ്മായില്‍ ഖത്തീബ് അവകാശപ്പെട്ടു. ഒരുപക്ഷേ, ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
ചിലന്തിമട പുറത്തുവിട്ടവയില്‍ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുള്ള ഡിമോണ ന്യൂക്ലിയര്‍ റിയാക്ടറിന്റെ അകത്തു നിന്നെടുത്ത തെളിച്ചമില്ലാത്ത ഫുട്ടേജുകള്‍, ആയുധങ്ങളുടെ ബ്ലൂപ്രിന്റുകള്‍, 189 ഇസ്രയേലി ആണവ ശാസ്ത്രജ്ഞരുടെയും സൈനികപ്രമുഖരുടെയും ചിത്രങ്ങളും പാസ്പോര്‍ട്ട് പകര്‍പ്പുകളും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രയേലിന് ഫ്രാന്‍സും അമേരിക്കയുമായുള്ള ആണവ സഹകരണ പദ്ധതികളുടെയും വിവരങ്ങള്‍ കിട്ടിയെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. പുറത്തുവിട്ടവയില്‍ ഡിമോണ ആണവകേന്ദ്രത്തിലെ ഹാളുകളുടെ ദൃശ്യങ്ങളുണ്ട്, യുഎസ്- ഇസ്രയേല്‍ ആണവ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ ഉണ്ട്. എന്തിന് ഐഎഇഎ (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി) മേധാവി റാഫേല്‍ ഗ്രോസിയുടെയും കുടുംബത്തിന്റെയും സ്വകാര്യചിത്രങ്ങള്‍ വരെയുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെ വഴിവിട്ട് സ്വാധീനിക്കാന്‍ വേണ്ടി ഇസ്രയേല്‍ സംഘടിപ്പിച്ചതാവാം ഇവെയന്നും ഇറാന്‍ അധികൃതര്‍ പറയുന്നു.