പാകിസ്താനെക്കാള്‍ ഒരുപടി മുന്നില്‍ ഇന്ത്യ, ബഹുദൂരം മുന്നില്‍ ചൈന; ചങ്കിടിപ്പേറ്റുന്ന ആണവായുധശേഖരങ്ങൾ

പാകിസ്താനെക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആണവായുധ ശേഖരം ചെറുതായി വിപുലീകരിച്ചാണ് ഇന്ത്യ പാകിസ്താനെ മറികടന്നത്. ഇന്ത്യയ്ക്ക് പുറമേ ചൈനയും ഉത്തരകൊറിയയും തങ്ങളുടെ ആണവശേഖരം വര്‍ധിപ്പിച്ചെന്നും സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആര്‍.ഐ.) കണക്കുകള്‍ പറയുന്നു. പക്ഷേ, ഇന്ത്യയുടെ കൈവശമുള്ളതിന്റെ മൂന്നിരട്ടി ആണവപോര്‍മുനകളാണ് ചൈനയുടെ കൈവശമുള്ളത്. 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ ചൈന ആണവായുധ ശേഖരം 410-ല്‍ നിന്ന് 500 ആയി വര്‍ദ്ധിപ്പിച്ചു. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ ചൈന അതിന്റെ ആണവായുധശേഖരം വിപുലീകരിക്കുകയാണെന്നും എസ്.ഐ.പി.ആര്‍.ഐ. വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍ പ്രോഗ്രാമിലെ അസോസിയേറ്റ് സീനിയര്‍ ഫെലോ ഹാന്‍സ് എം ക്രിസ്റ്റെന്‍സന്‍ പറഞ്ഞു. ഏതാണ്ട് എല്ലാ ആണവായുധ രാഷ്ട്രങ്ങളും ആണവശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളോ കാര്യമായ മുന്നേറ്റമോ ഉണ്ടെന്നാണ് ക്രിസ്റ്റെന്‍സന്‍ അഭിപ്രായപ്പെട്ടത്.
യു.എസ്, റഷ്യ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുകയാണെന്നും എസ്.ഐ.പി.ആര്‍.ഐ. ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഇപ്പോഴും ലോകത്തിലെ ആകെ ആണവായുധങ്ങളുടെ 90 ശതമാനവും അമേരിക്കയുടേയും റഷ്യയുടേയും കൈവശം തന്നെയാണ്. 2023 ജനുവരിയെ അപേക്ഷിച്ച് ഏകദേശം 36 പോര്‍മുനകള്‍ കൂടുതലായി റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും എസ്.ഐ.പി.ആര്‍.ഐ. ചൂണ്ടിക്കാണിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകം രണ്ട് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തില്‍ നിര്‍ണായകമാണ് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വിശകലനങ്ങള്‍.
Content Highlights: India has more nuclear weapons than Pakistan India nuclear warheads