വേലി കെട്ടാന്‍ ബി.എസ്.എഫ്, കെട്ടരുതെന്ന് ബംഗ്ലാദേശ്; സമാധാനം വണ്‍വേ സ്ട്രീറ്റ് ആവുമ്പോള്‍

പശ്ചിമബംഗാളിലെ മാല്‍ഡ, കൂച്ച ബിഹാര്‍ പോലുള്ള ചില അതിര്‍ത്തിപ്രദേശങ്ങളില്‍ മുള്ളുകമ്പിവേലി കെട്ടാന്‍ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേനയെ (ബി.എസ്.എഫ്.) ബംഗ്ലാദേശ് അതിര്‍ത്തിസേന (ബി.ജി.ബി.) നാട്ടുകാരുടെ സഹായത്തോടെ ചെറുക്കുന്ന വിഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത് കഴിഞ്ഞയാഴ്ചയാണ്. പിറ്റേന്ന് ബി.എസ്.എഫിനെ തുണയ്ക്കാന്‍ ഇന്ത്യക്കാരെത്തി, ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളികളുമായി അവര്‍ സൈനികരെ പിന്തുണച്ചു.
സ്വന്തം മണ്ണില്‍ വേലി കെട്ടുന്നതില്‍ ബംഗ്ലാദേശിനെന്താ പ്രശ്‌നമെന്നു ചോദിക്കുംമുമ്പ് ബംഗ്ലാദേശിന്റെ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജഷീമുദ്ദീന്‍ ഞായറാഴ്ച ഡാക്കയിലെ ഇന്ത്യന്‍ സ്ഥാനപതി പ്രണയ് വര്‍മയെ വിളിപ്പിച്ചു, അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ഉത്കണ്ഠ അറിയിച്ചു. മുക്കാല്‍ മണിക്കൂറുനേരം ജഷീമുദ്ദീനുമായി ചര്‍ച്ച നടത്തിയ വര്‍മ പറഞ്ഞതുവെച്ച് ഇന്ത്യയുടെ നിലപാടില്‍ വലിയ മാറ്റമുണ്ടാവാനിടയില്ല. കുറ്റകൃത്യമില്ലാത്ത അതിര്‍ത്തി ഉറപ്പാക്കുക, കള്ളക്കടത്തും മനുഷ്യക്കടത്തും കുറ്റവാളികളുടെ സഞ്ചാരവും ഫലപ്രദമായി നേരിടുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. 'സുരക്ഷാകാര്യങ്ങളുടെ ആവശ്യത്തിനായി അതിര്‍ത്തിവേലി കെട്ടുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ട്. അതു സംബന്ധിച്ച് ബി.എസ്.എഫും ബി.ജി.ബിയും പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. ധാരണകള്‍ നടപ്പാക്കുമെന്നും കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ സഹകരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' പ്രണയ് വര്‍മ വ്യക്തമാക്കി.
Content Highlights: Recent border disputes between India and Bangladesh escalate