ഹോർമുസ് തുറക്കാൻ കൂട്ടില്ലാതെ ട്രംപ്, വഴങ്ങാതെ ഇറാൻ; വിലക്കയറ്റത്തിൽ വലഞ്ഞ് ലോകം

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി അടക്കം നാൽപ്പതോളംപേരെ വധിച്ചുകൊണ്ടാരംഭിച്ച യുദ്ധം മൂന്നാംവാരത്തിലും അതിശക്തമായി തുടരുകയാണ്. അമേരിക്ക- ഇസ്രയേൽ സഖ്യത്തിന്റെയും ഇറാന്റെയും ഇച്ഛാശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയ യുദ്ധം ഹോർമുസ് കടലിടുക്ക് അടച്ചതോടെ മധ്യപൂർവേഷ്യയെ മാത്രമല്ല, ലോകത്തെയാകെ ബാധിച്ചിരിക്കുന്നു. ലോകത്തിലെ മൊത്തം ഇന്ധനത്തിന്റെ അഞ്ചിലൊന്നും കടന്നു പോകുന്ന ഈ കടലിടുക്കിനു ചുറ്റും നൂറുകണക്കിന് ടാങ്കറുകൾ വെറുതെ കിടക്കുകയാണ്, എണ്ണവില ബാരലിന് 100 ഡോളർ കടന്നു.
മധ്യപൂർവേഷ്യയിൽ പരിഭ്രാന്തി തുടരുകയാണ്. ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടു (പിന്നീട് പരിമിതമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചു). സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് വന്ന നിരവധി ഡ്രോണുകൾ അന്തരീക്ഷത്തിൽവെച്ചുതന്നെ നിർവീര്യമാക്കി. ഗാസയിലും ലെബനോനിലും ഇസ്രയേൽ സൈനികനടപടി തുടരുന്നു. ഹൂത്തികളും ഹിസ്ബുള്ളയും ഇറാനെ പിന്തുണച്ച് പടക്കളത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇതിനകം ആയിരക്കണക്കിന് വിമാനസർവീസുകളാണ് മുടങ്ങിയത്. പ്രവാസികൾ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്ന കാഴ്ചയാണ് പലയിടത്തും. ഇന്ത്യയിൽനിന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഗൾഫും ഇറാനും ഒഴിവാക്കി പറക്കുന്നതിനാൽ ഒന്നരമുതൽ മൂന്നുമണിക്കൂർ വരെ അധികസമയമെടുക്കുന്നു. ഇന്ധനവിലക്കയറ്റം കാരണം വിമാനടിക്കറ്റ് നിരക്കുകളും വർധിച്ചിരിക്കുന്നു.
Content Highlights: The closure of the Strait of Hormuz has triggered a global oil price surge. US and Israel continue military operations while Iran maintains missile capabilities. India successfully negotiated safe passage for tankers, highlighting effective diplomacy. The conflict is shifting from total war to potential back-channel negotiations due to economic pressures