കടുപ്പം കൂടി കാപ്പിവില; ബംബറടിച്ച് കർഷകർ, ഈ ട്രെൻഡ് എത്ര കാലം?

ഒരു ദിവസം ഏറ്റവും ഊര്‍ജസ്വലമായി തുടങ്ങാന്‍ കാപ്പിയേക്കാള്‍ മികച്ച പാനീയമില്ലെന്നാണ് പറയപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാനീയമെന്ന ബഹുമതി കാപ്പിക്ക് സ്വന്തം. മനുഷ്യരെ ഇത്രത്തോളം ഉദ്ദീപിപ്പിക്കുന്ന, ഊര്‍ജസ്വലമാക്കുന്ന മറ്റൊരു പാനീയം ഇല്ലാത്തതാണ് കാപ്പി ഇത്രത്തോളം ജനപ്രിയമാവാന്‍ കാരണം. എന്നാല്‍ കാപ്പി കുടിക്കാന്‍ ഇനി അല്‍പം ചെലവേറും. കാപ്പിവിലയിലെ വന്‍ വര്‍ധനവാണ് കാപ്പിയെ പൊള്ളിക്കുന്നത്. സാധാരണക്കാര്‍ക്ക് കാപ്പിവില അല്‍പം കടുക്കുമെങ്കിലും ലോകത്താകമാനമുള്ള കാപ്പി ഉത്പാദപകര്‍ക്ക് ഇത് ബമ്പറടിച്ച സന്തോഷമാണുണ്ടാക്കുന്നത്. കാരണം ആഗോളതലത്തിൽ 1977ന് ശേഷമുള്ള ഏറ്റവും വലിയ വിലയിലാണ് ഇപ്പോൾ കാപ്പി.
ആഗോള വിപണിയില്‍ 2025 ഫെബ്രുവരി മാസത്തിലാണ് വിലയിലെ വന്‍കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള ബ്രസീല്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാലാവസ്ഥാ പ്രതിസന്ധിയാണ് ആഗോള കാപ്പി വിലയിലും പ്രതിഫലിക്കുന്നത്. ഇതിനു പുറമേ യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ (ഇ.യു.ഡി.ആർ.) മാനദണ്ഡങ്ങൾ കാപ്പി ഉത്പാദനത്തേയും വിലയേയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകമാര്‍ക്കറ്റിലെ കൂടിയ ഡിമാന്‍ഡിനൊപ്പം എത്താന്‍ കഴിയാത്ത ഉത്പാദന വിതരണപ്രതിസന്ധി കാരണം ഈ വര്‍ഷം മാത്രം 70 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ കാപ്പിവിലയിലുണ്ടായിരിക്കുന്നത്. കാപ്പി കുടിയില്‍ മുന്‍പന്തിയിലുള്ള അമേരിക്കക്കാര്‍ മുതല്‍ ഇങ്ങ് കേരളത്തിലെ കാപ്പി കര്‍ഷകരും കാപ്പി പ്രിയരുമെല്ലാമടങ്ങുന്ന ലോക കോഫി മാര്‍ക്കറ്റില്‍ എങ്ങനെയാവും ഈ വിലക്കയറ്റം പ്രതിഫലിക്കുക?
Content Highlights: coffee prices hike in world market