ചൈനീസ് സൈന്യത്തിൽ ശുദ്ധീകരണം വീണ്ടും; കളിക്കൂട്ടുകാരനെ ജയിലിലടച്ച് കസേര ഉറപ്പിച്ച് ഷീ

വെളിച്ചം കടക്കാത്ത ഇരുട്ടറകളാണ് ചൈനീസ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) വമ്പൻ പ്രചാരണയന്ത്രത്തിൽ നിന്ന് തുള്ളിത്തുള്ളിയായി പുറത്തുവരുന്ന വിവരങ്ങൾ പലപ്പോഴും പ്രചാരണവും പ്രബോധനവും മാത്രമുദ്ദേശിച്ചുള്ളതായിരിക്കും. പക്ഷേ, ചിലപ്പോൾ ഞെട്ടിക്കുന്ന ചില വാർത്തകളും പുറത്തുവിടാറുണ്ട്. അതിലൊന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രാലയത്തിന്റെ പ്രഖ്യാപനം. സെൻട്രൽ മിലിറ്ററി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാൻ ജനറൽ ഷാങ്ങ് യൂഷിയ, ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെ ഗുരുതരമായ അച്ചടക്ക, നിയമലംഘനത്തിന് അന്വേഷണം നേരിടുകയാണ്. സാംസ്‌കാരിക വിപ്ലവത്തിന് ശേഷം ഔദ്യോഗിക പദവിയിലിരിക്കെ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ സിഎംസി വൈസ് ചെയർമാനാണ് ഷാങ് യൂഷിയ.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ലോകത്തിലെ ഏറ്റവും വലിയ സ്ഥിരം സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) മേൽത്തട്ടിനെ വീണ്ടും എതിരാളിമുക്തമാക്കുകയാണ്. മാവോ സേതുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായ ഷീ സ്വയം ആ സുരക്ഷിതത്വം അനുഭവിക്കുന്നില്ല എന്നത് വ്യക്തമാണ്. 2012-ൽ അധികാരത്തിൽ വന്ന ശേഷം അദ്ദേഹത്തിനെതിരെ നടന്ന പന്ത്രണ്ടാമത്തെ അട്ടിമറി ശ്രമമാണത്രെ (കണക്ക് അതിശയോക്തിപരമെന്ന് നിരീക്ഷകർ) അദ്ദേഹം അതിജീവിച്ചത്! ഇപ്പോൾ നടന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധീകരണമായി കണക്കാക്കപ്പെടുന്നുണ്ട്. ജനറൽമാരായ ഷാങ് യൂഷിയ, ലിയു ഷെൻലി എന്നിവരെ പുറത്താക്കിയതു വഴി തന്റെ അധികാരത്തിനു നേർക്കുയരുന്ന വെല്ലുവിളികൾ തുടച്ചുനീക്കാൻ ഏതറ്റം വരെയും പോവുമെന്ന് പ്രഖ്യാപിക്കുകയാണ് പ്രസിഡന്റ്.

Content Highlights: Explore the recent crackdown within China`s military, as Xi Jinping purges top officials amid alleged coup attempts and corruption scandals. Understand the implications for China`s power.

Continue reading