മോദിയും ഷീയും കൈകൊടുക്കുമ്പോൾ വ്യാപാരനേട്ടം ചൈനയ്ക്ക് മാത്രമാകുമോ? ഇന്ത്യ തുറക്കേണ്ട വഴികളേത്?

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാരയുദ്ധത്തിനിടെ പരസ്പരം കൈകൊടുത്ത് ചൈനയും ഇന്ത്യയും. വ്യാപാരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ചൈനയുമായി സാമ്പത്തികമായി കൂടുതലടുക്കാനുള്ള വഴിതുറന്നിടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാ സന്ദര്‍ശനത്തിലൂടെ. ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു നിർണായകമായ മോദി-ഷീ കൂടിക്കാഴ്ച. പിഴച്ചുങ്കമുള്‍പ്പെടെ ഇന്ത്യയ്ക്കുള്ള യു.എസിന്റെ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ണായക ചൈനായാത്ര. ഏഴ് വര്‍ഷത്തിനുശേഷമാണ് നരേന്ദ്രമോദി ചൈനയിലെത്തുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ തീരുവയുദ്ധം ആഗോള വിപണിയെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ട് പ്രധാന സാമ്പത്തികശക്തികളെന്ന നിലയില്‍ ആഗോളവ്യാപാരം സ്ഥിരപ്പെടുത്തുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യവും തീരുമാനിക്കുകയും ചെയ്തു.
2020 ജൂണില്‍ ഗാല്വാന് താഴ്വരയിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വഷളായ ഉഭയകക്ഷി ബന്ധത്തില്‍ വലിയ വഴിത്തിരിവാണ് മോദി-ഷീ കൂടിക്കാഴ്ച. ഗാല്‍വാന് തൊട്ടുപിന്നാലെ, ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. പിന്നാലെ ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം പോലും നിയന്ത്രിക്കുകയും ചെയ്തു. എന്നാലിപ്പോൾ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞ് ഉരുകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാര ബന്ധത്തിലും ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുന്നതാണ്. ഇന്ത്യ-ചൈന ബന്ധത്തിന്റെ ചരിത്രമെന്താണ്? മോദി-ഷീ കൈകൊടുക്കൽ എങ്ങനെയാവും ഇന്ത്യയെ ബാധിക്കുക?
Content Highlights: Analyzing the History and Future of India-China Trade