തളങ്കര സൈനുൽ ആബിദ് വധം; RSS-BJP പ്രവർത്തകരായ 20 പ്രതികളെയും കോടതി വെറുതേവിട്ടു

#ന്യൂസ് ഡെസ്ക്
സൈനുൽ ആബിദ്
സൈനുൽ ആബിദ്

കാസർകോട്: എസ്.ഡി.പി.ഐ. പ്രവർത്തകനായിരുന്ന തളങ്കര സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു. ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ 20 പേരെയാണ് വെറുതേവിട്ടത്.

21 പ്രതികളാണ് കേസിലുണ്ടായിരുന്നത്. എട്ടാം പ്രതിയായ ജ്യോതിഷ് ഏതാനും വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യരാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്.

ബട്ടംപാറ മഹേഷ് (30), ഉദയൻ എന്ന ബട്ടി ഉദയൻ (42), കെ. പ്രശാന്ത് (30), ബി. ഹരീഷ് (38), കെ. അനിൽകുമാർ എന്ന കടമ്പ് അനി (35), എം. വരുൺകുമാർ എന്ന അണ്ണു (38), ശൈലേഷ് ആചാര്യ (36), അജയകുമാർ ഷെട്ടി എന്ന തേജു (30), അഭി എന്ന അഭിഷേക് (30), അക്ഷയ് റൈ (36), കെ. കൃഷ്ണ (42), സച്ചിൻ എന്ന സച്ചു (34), കെ. വിജേഷ് എന്ന വിജു (36), കെ. അഭിഷേക് എന്ന അഭി (32), സി. പ്രജിത്ത് (29), കെ. സജിത് കുമാർ എന്ന സഞ്ജു (31), ജി. വൈശാഖ് എന്ന ചിക്കു (33), ജി.ആർ. രാധാകൃഷ്ണൻ എന്ന കുട്ട (32), അനിൽകുമാർ എന്ന അനിക്കുട്ടൻ (38), സമ്പ്രീത് എന്ന പാച്ചു (36) എന്നിവരാണ് കേസിലെ പ്രതികൾ.

2014 ഡിസംബർ 22-ന് രാത്രി ഒൻപതരയോടെയാണ് സംഭവം. കാസർകോട് എം.ജി. റോഡിലെ ജില്ലാ ലീഗ് ഓഫീസിന് താഴത്തെ നിലയിലുള്ള പിതാവിന്റെ ബെഡ് കടയായ ജെ.ജെ. ബെഡ് സെന്ററിലെത്തിയ പ്രതികൾ പിതാവിന്റെ മുന്നിൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വ്യക്തിവിരോധമാണ് കൊലപാതകത്തിനു കാരണം.

കട അടയ്ക്കാനായി സാധനങ്ങൾ എടുത്തുവെക്കുന്നതിനിടയിലായിരുന്നു ആക്രമണം. കാസർകോട്ട് ഏറെ വിവാദമായ വധക്കേസാണിത്. കേസിലെ മുഖ്യസാക്ഷിയായ സൈനുൽ ആബിദിന്റെ പിതാവ് മുഹമ്മദ് കർണാടകയിലെ ഹുബ്ബള്ളിക്കടുത്ത് വാഹനാപകടത്തിൽ മരിച്ചു.

കാസർകോട് ടൗൺ ഇൻസ്പെക്ടറായിരുന്ന പി.കെ. സുധാകരനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾക്കുവേണ്ടി തലശ്ശേരി ബാറിലെ മുതിർന്ന അഭിഭാഷകരായ പി. പ്രേമരാജൻ, ടി. സുനിൽകുമാർ, ജി. പ്രതാപ് എന്നിവർ ഹാജരായി. കേസിന്റെ അന്തിമവാദം നടക്കാനിരിക്കെ ടി. സുനിൽകുമാറും മരിച്ചു.