ഡിജിപി പട്ടികയില്‍നിന്ന് ഒഴിവായാല്‍ ക്ലിയറന്‍സ്; യോഗേഷ് ഗുപ്തയ്ക്ക് ഉപാധിവെച്ച് സര്‍ക്കാര്‍

#എം. ബഷീര്‍
യോഗേഷ് ഗുപ്ത | Photo: Mathrubhumi
യോഗേഷ് ഗുപ്ത | Photo: Mathrubhumi

തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രനിയമനത്തിനുള്ള ക്ലിയറന്‍സ് ലഭിക്കണമെങ്കില്‍ പോലീസ് മേധാവി പട്ടികയില്‍നിന്ന് ഒഴിവാകണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതായി വിവരം. അങ്ങനെയെങ്കില്‍ എത്രയും വേഗം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അറിയിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറിനോടും പട്ടികയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവരുള്‍പ്പെടെ ആറുപേരാണ് പോലീസ് മേധാവി നിയമനത്തിന് കേന്ദ്രത്തിനു നല്‍കിയ പട്ടികയിലുള്ളത്.

ഏപ്രില്‍ അവസാനമാണ് കേന്ദ്രം ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണമോ ഉണ്ടോയെന്നതുസംബന്ധിച്ച് പോലീസ് മേധാവിയില്‍നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതിനല്‍കി.

സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ. സിബിഐയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും ജോലിചെയ്തിട്ടുള്ള യോഗേഷ് ഗുപ്ത ഈ ഏജന്‍സികളുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്. 

കേരളം കേന്ദ്രത്തിനു കൈമാറിയ പോലീസ് മേധാവി പട്ടികയില്‍ യോഗേഷ് ഗുപ്ത മൂന്നാമനായുണ്ട്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് പോലീസ് മേധാവിയാക്കി നിയമിക്കുക. അത്രയും സര്‍വീസുള്ളവര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. സംസ്ഥാനപട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ക്ക് 30 വര്‍ഷത്തെ സര്‍വീസില്ല.

അപ്രീതിക്കു കാരണങ്ങളേറെ

യുപിഎസ്സിയുടെ മൂന്നംഗ പട്ടികയില്‍ യോഗേഷ് ഗുപ്ത ഉള്‍പ്പെട്ടാലും സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തിന് സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹം വിജിലന്‍സ് ഡയറക്ടറായിരിക്കെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കേസെടുക്കണമെന്ന് ശുപാര്‍ശചെയ്തത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് അസംതൃപ്തിയുണ്ട്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണെങ്കിലും കെ.എം. എബ്രഹാമിനെതിരായ വിജിലന്‍സ് കേസിന്റെ ഫയലുകള്‍ സിബിഐക്ക് കൈമാറിയത്, ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടത്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളില്‍ തീര്‍പ്പുണ്ടാക്കിയത് തുടങ്ങിയവയും സര്‍ക്കാരിന്റെ അപ്രീതിക്ക് കാരണമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് അഗ്‌നിരക്ഷാവിഭാഗത്തിലേക്ക് മാറ്റിയത്.

Content Highlights: yogesh gupta ips clearence certificate kerala government