ഭീതിയിലാഴ്ത്തിയ ട്രെയിന്‍ തീവെപ്പ്, കളമശേരി സ്ഫോടനം; വിവാദങ്ങളുടെ നവകേരളയാത്ര | KERALA 2023

ജനുവരി- പിടി 7-നെ പിടികൂടി
പാലക്കാട്ടെ ധോണി, മുണ്ടൂര്‍ മേഖലയില്‍ സൈ്വരവിഹാരം നടത്തിയിരുന്ന പാലക്കാട് ടസ്‌കര്‍ ഏഴാമന്‍(പി.ടി.7) എന്ന ഒറ്റയാനെ പിടികൂടി. വനം ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നിന്നെത്തിയ ദ്രുതപ്രതികരണ സംഘമാണ് മയക്കുവെടിവെച്ച് ആനയെ പിടിച്ചത്. കൂട്ടിലായ ആനയ്ക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ 'ധോണി' എന്ന് പേരിട്ടു.
മാര്‍ച്ച്- ദേവികുളം എം.എല്‍.എ എ.രാജയുടെ വിജയം അസാധുവാക്കി
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരില്‍ മാര്‍ച്ച് 20ന് ദേവികുളം എം.എല്‍.എ എ.രാജയുടെ വിജയം ഹൈക്കോടതി അസാധുവാക്കി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണംചെയ്ത മണ്ഡലത്തില്‍ ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥിയായിരുന്ന യു.ഡി.എഫിലെ ഡി. കുമാറാണ് ഹര്‍ജിനല്‍കിയത്. ഹിന്ദു പറയന്‍ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെ മുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയാണ് ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കോടതി നടപടി.
മാര്‍ച്ച്- ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം
കൊച്ചിയെയും പരിസര പ്രദേശങ്ങളേയും ദിവസങ്ങളോളം വിഷപ്പുകയില്‍ അമര്‍ത്തിയ സംഭവമായിരുന്നു മാര്‍ച്ച് രണ്ടിന് ഉണ്ടായ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം. 23 ഫയര്‍ യൂണിറ്റുകളും 32 എസ്‌കവേറ്റര്‍ ജെ.സി.ബി.കളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളും ഉര്‍പ്പെടെ വലിയ സന്നാഹങ്ങള്‍ ഉപയോഗിച്ച് ദിവസങ്ങള്‍ നീണ്ട പ്രയതനത്തിലൊടുവിലാണ് പുക നിയന്ത്രിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍, എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ര്‍, നേവി ഉദ്യോഗസ്ഥര്‍, സിയാലിലെയും ബി.പി.സി.എല്ലിലെയും ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാര്‍, ഹോം ഗാര്‍ഡുകള്‍ എന്നിവരാണ് തീ അണയ്ക്കാനുള്ള തീവ്രയജ്ഞത്തില്‍ പങ്കാളികളായിരുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയൊടുങ്ങാത്ത മാലിന്യക്കൂമ്പാരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ|photo:mathrubhumi
ഏപ്രില്‍-എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. രണ്ടുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. കൃത്യത്തിനു ശേഷം പ്രതിയെ പിന്നീട് രത്‌നഗിരിയില്‍നിന്ന് മഹാരാഷ്ട്ര എ.ടി.എസ് പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു.
കണ്ണൂരില്‍ തീപിടിത്തമുണ്ടായ ട്രെയിന്‍, ഷാരൂഖ് സെയ്ഫി|photo:mathrubhumi
ഏപ്രില്‍- അട്ടപ്പാടി മധു കൊലപാതക കേസില്‍ വിധി
അട്ടപ്പാടി മധു ആള്‍ക്കൂട്ടക്കൊലപാതകക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് ഏപ്രില്‍ അഞ്ചിന് മണ്ണാര്‍ക്കാട് പ്രത്യേക കോടതി കണ്ടെത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപയും പിഴയുമായിരുന്നു ശിക്ഷ. ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ചുനടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മര്‍ദനമേറ്റ മധു 2018 ഫെബ്രുവരി 22-നാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണനടത്തി മര്‍ദിക്കുകയും തുടര്‍ന്ന് മധു കൊല്ലപ്പെട്ടെന്നുമാണ് കേസ്.
മധു (ഫയല്‍ ഫോട്ടോ)| Mathrubhumi archives
ഏപ്രില്‍- കേരളത്തിലൂടെ കുതിച്ച് വന്ദേ ഭാരത്
പ്രധാനമന്ത്രി കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പാളത്തിലൂടെ, ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിലാണ് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കു കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കുതിച്ചത്.
ഏപ്രില്‍-രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോ
രാജ്യത്തെ ആദ്യവാട്ടര്‍ മെട്രോ സംവിധാനമായ കൊച്ചി വാട്ടര്‍മെട്രോ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയാണിത്. കൊച്ചികളിലെ ദ്വീപുകളെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു.
ഏപ്രില്‍-അരിക്കൊമ്പനെ പിടികൂടി
ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പന്‍ എന്ന കാട്ടാനയെ കേരള വന്യജീവി വകുപ്പ് വിജയകരമായി പിടികൂടി. തുടര്‍ന്ന് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊമ്പനെ മാറ്റി.
മെയ്- താനൂര്‍ ബോട്ട് ദുരന്തം
മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് പൂരപ്പുഴയില്‍ അറ്റ്‌ലാന്റിക് എന്ന യാത്ര ബോട്ട് മുങ്ങി 22 പേരാണ് മരിച്ചത്. ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയില്‍നിന്ന് 300 മീറ്റര്‍ ദൂരത്തുള്ളപ്പോള്‍ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരോളമാണ് ബോട്ടിലുണ്ടായിരുന്നത്. പത്ത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേര്‍ അപകടത്തിന് പിന്നാലെ നീന്തിരക്ഷപ്പെട്ടു. ഉള്‍കൊള്ളാവുന്നതിലും അധികം സഞ്ചാരികള്‍ ബോട്ടില്‍ കയറിയത് അപകടകാരണമായി എന്നാണ് കരുതുന്നത്.
മെയ്- ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം
കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഡോക്ടര്‍ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി പോലീസ് കൊണ്ടുവന്ന പ്രതി ഡോക്ടറെ കുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവമാണിത്.
ജൂണ്‍-കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) എത്തി
കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ലക്ഷ്യം. കെ.എസ്.ഇ.ബിയും കെ.എസ.്ഐ.ടി.ഐ.എല്ലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 75 ലക്ഷം പേരിലേക്ക് കണക്ഷന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ സൗജന്യമായിരിക്കും.
ജൂലൈ- ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി 79-ാം വയസ്സിലാണ് അന്തരിച്ചത്. ബെംഗളൂരുവില്‍ ചിന്മയമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച്, ജനകീയതയുടെ പരകോടിയായിരുന്നു നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മന്‍ ചാണ്ടിയാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടി 1970 സെപ്റ്റംബര്‍ 17-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചത്. 1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം.
ജൂലൈ- കേരളത്തെ ഞെട്ടിച്ച ആലുവ കൊലപാതകം
ബീഹാറില്‍ നിന്നുള്ള അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ദാരുണമായ സംഭവമായിരുന്നു ഇത്. ബീഹാര്‍ സ്വദേശിയായ പ്രതി അസഫാക് ആലത്തെ തൊട്ടടുത്ത ദിവസം തന്നെ പിടികൂടി. കുറ്റകൃത്യം നടത്തി 35-ാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 15 ദിവസത്തെ വിചാരണ പൂര്‍ത്തിയാക്കി നൂറാം ദിവസം ശിശുദിനത്തില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
സെപ്റ്റംബര്‍- പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍
53 വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയെ നെഞ്ചേറ്റിയ പുതുപ്പള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചാണ്ടി ഉമ്മനെത്തന്നെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേതന്നെ ചാണ്ടി ഉമ്മന്റെ വിജയം യു.ഡി.എഫ് ക്യാമ്പ് ഏറെക്കുറേ ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായാകുമെന്ന കാര്യത്തിലേ ചോദ്യമുണ്ടായിരുന്നുള്ളു. അന്തിമഫല പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലും തീരുമാനമായി. 37000-ല്‍ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വമ്പന്‍ വിജയം. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയതിനെക്കാള്‍ 28000-ഓളം വോട്ട് കൂടുതല്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെയാണ് പിതാവിന്റെ പിന്‍ഗാമിയെന്ന് ഉറക്കെ പ്രഖ്യാപിച്ചത്.
ഒക്ടോബര്‍- വിഴിഞ്ഞത്ത് ആദ്യ കപ്പല്‍
ഇന്ത്യയിലെ ആദ്യ മദര്‍ ഷിപ്പ് പോര്‍ട്ടായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബര്‍ 13ന് ആദ്യ കപ്പല്‍ എത്തി. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 എന്ന കപ്പലാണ് തുറമുഖത്തെത്തിയത്. പ്രവര്‍ത്തനക്ഷമമാവുന്നതോട രാജ്യത്ത് ചരക്കുനീക്കത്തില്‍ വിഴിഞ്ഞം നിര്‍ണായക പങ്ക് വഹിക്കും. അദാനി ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല.
ഒക്ടോബര്‍- കളമശേരി സ്ഫോടനം
ഒക്ടോബര്‍ 9ന് കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9.30-ഓടെയാണ് കളമശേരി സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനിടെ സ്‌ഫോടനമുണ്ടായത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടന്നു. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികളുടെ ഇടയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് സ്ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല.
സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് ആളുകള്‍ പുറത്തേക്ക് ഓടുന്നു (ഫയല്‍)|photo:PTI
നവംബര്‍- കോഴിക്കോട് സാഹിത്യനഗരം
കോഴിക്കോടിന് യുനസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരത്തിന് ഈ പദവി ലഭിക്കുന്നത്.സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. നാലു വര്‍ഷത്തേക്കാണ് യുനെസ്‌കോ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്നത്. നാലുവര്‍ഷം കൂടുമ്പോള്‍ യുനെസ്‌കോ പ്രതിനിധികള്‍ വന്ന് സാഹിത്യനഗരത്തിന്റെ തല്‍സ്ഥിതി വിലയിരുത്തും. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെങ്കില്‍ നഗരത്തിനു നല്‍കിയ സാഹിത്യപദവി അവര്‍ തിരിച്ചെടുക്കും.
നവംബര്‍- നവകേരള സദസ്സ്
നവകേരള സദസ്സ് നവംബര്‍ 18-ന് കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും 140 നിയമസഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതി സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തിരുവനന്തപുരത്ത് ഡിസംബര്‍ 23-ന് പരിപാടി സമാപിച്ചു.
നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കാൻ ഉപയോഗിച്ച ബസ് | Photo: https://www.facebook.com/PinarayiVijayan
നവംബര്‍- കുസാറ്റ് ദുരന്തം
കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കാമ്പസില്‍ ടെക്ഫെസ്റ്റിന്റെ ഭാഗമായി 25ന് സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം നാലുപേര്‍ മരിച്ചു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവര്‍ക്ക് ജീവന്‍നഷ്ടമായി.
കുസാറ്റിൽ അപകടം നടന്ന സ്ഥലം. ഈ കവാടത്തിൽ ഉണ്ടായ തിരക്കാണ് ദുരന്തത്തിന് കാരണമായത് | ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ
നവംബര്‍- ഓയൂരിലെ ആറുവയസ്സുകാരിയെ തിരഞ്ഞ് കേരളം
നവംബര്‍ 27-ന് വൈകിട്ട് 4.20-ഓടെയാണ് കൊല്ലം ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒന്‍പതുവയസ്സുകാരനായ കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ കാറിലെത്തിയവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നു. സംഭവം വാര്‍ത്തയായതോടെ കുഞ്ഞിനെ കണ്ടെത്താന്‍ നാടാകെ തിരച്ചില്‍ നടന്നു. പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍- പുതിയ മന്ത്രിമാര്‍
സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ്-ബിയിലെ കെ.ബി.ഗണേഷ്‌കുമാറും കോണ്‍ഗ്രസ്-എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഡിസംബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്തു. രജിസ്ട്രേഷന്‍-പുരാവസ്തു വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക്. ആന്റണിരാജുവിന്റെ ഗതാഗതം, മോട്ടോര്‍വാഹനം, ജലഗതാഗത വകുപ്പുകള്‍ കെ.ബി.ഗണേഷ്‌കുമാറിനാണ്.
Content Highlights: year ender 2023