കേരളത്തില്‍ സ്ത്രീ സുരക്ഷ അവതാളത്തില്‍, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം -കെ. സുരേന്ദ്രന്‍

കെ. സുരേന്ദ്രൻ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കെ. സുരേന്ദ്രൻ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നടന്‍ സിദ്ദിഖിനെതിരായി പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാര്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

പോലീസില്‍ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് ആവില്ല. മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രിയായി ഇരിക്കാന്‍ യോഗ്യതയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മന്ത്രിമാര്‍ പറഞ്ഞത് ആരും തന്നെ പരാതി നല്‍കിയിട്ടില്ല എന്നാണ്. എന്നാല്‍ അതിജീവിതയുടെ തുറന്നുപറച്ചിലിലൂടെ മന്ത്രിമാരുടെ വാദങ്ങള്‍ പൊള്ളയാണെന്ന് മനസ്സിലായിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെറും കടലാസ് റിപ്പോര്‍ട്ടാണെങ്കില്‍ മുഖ്യമന്ത്രി അത് ജനങ്ങളോട് തുറന്നു പറയണം, കെ. സുരേന്ദ്രന്‍ പറഞ്ഞു. 

കൊല്ലം എം.എല്‍.എ. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും സര്‍ക്കാര്‍ ബോധപൂര്‍വ്വം കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. കേന്ദ്രത്തില്‍ മന്ത്രിയായിരുന്ന എം.ജെ. അക്ബറിന് 'മീ ടൂ' ആരോപണത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്നു. അന്ന് ഇടതുപക്ഷവും കോണ്‍ഗ്രസ്സുമെല്ലാം അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. സിദ്ദിഖിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന് താല്‍പ്പര്യമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Content Highlights: Women safety in Kerala messed up, chief minister should leave home department, says K Surendran