വീണ്ടും കാട്ടാന ആക്രമണം; വാഴച്ചാലില്‍ രണ്ടുപേരുടെ ജീവനെടുത്തു

ചാലക്കുടി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവർ. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്.
താൽക്കാലികമായി ഒരു ഷെഡ് പണിതാണ് അവർ അവിടെ വിശ്രമിച്ചിരുന്നത്. കാട്ടാന വന്നപ്പോൾ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. രക്ഷപ്പെട്ടവർ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയിൽ കിടക്കുന്ന നിലയിലായിരുന്നു.
ഞായറാഴ്ച രാത്രി അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.
Content Highlights: Two killed in wild elephant attack in vazhachal