ആളുകൾക്ക് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തു: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകൾക്ക് പരിക്കേറ്റു. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഈ ബന്ധുക്കൾ. ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വീടിന് മുൻപിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് അപ്രതീക്ഷിതമായി കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ആനയെ കണ്ടതോടെ ആളുകൾ ചിതറിയോടുകയായിരുന്നു.

ഓടുന്നതിനിടയിൽ വീണ് രണ്ടു മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ആളുകളെ ഓടിച്ച ശേഷം കാട്ടാന നേരെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന മകൻ മിഥുന്റെ ബൈക്കിന് നേരെ തിരിഞ്ഞു. ആളുകൾ വേഗത്തിൽ ഓടി മാറിയതിനാൽ മറ്റ് വലിയ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.

Content Highlights: A wild elephant attacked people in Athirappilly, Thrissur, causing panic and minor injuries.