'മാന്യനായ' കള്ളനെ കണ്ടെത്താൻ രണ്ടുവർഷം പോലീസ് പരിശോധിച്ചത് 2500-ലധികം സിസിടിവി ദൃശ്യങ്ങൾ

കല്പറ്റ: രാപകൽ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ.യു. മുഹമ്മദിനെയും കെ.ടി. ജോസിനെയും പോലീസ് വലയിലാക്കിയത്. മോഷണക്കേസിൽ കെ.യു. മുഹമ്മദിനെ പിടികൂടാൻ പോലീസ് നടത്തിയത് പഴുതടച്ച അന്വേഷണം.
2024 മുതൽ ഇതുവരെ 2500-ൽ അധികം സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്. 1500-ഓളം കോൾ ഡേറ്റാ റെക്കോഡുകളും പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 1200-ൽപ്പരം അതിഥിത്തൊഴിലാളികളെയും നിരീക്ഷിച്ചു.
ഗ്രാമത്തുവയലിൽ മോഷണം നടന്നപ്പോൾത്തന്നെ സയന്റിഫിക്ക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സംഭവസ്ഥലം പരിശോധിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു. സ്വർണവ്യാപാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും സമാന കുറ്റവാളികളെ നിരീക്ഷിച്ചും പരിശോധന ശക്തമാക്കി. മുഹമ്മദിനെ പിടികൂടാൻ അന്വേഷണസംഘവും പ്രത്യേക രീതികൾ പിന്തുടർന്നു. വേഷംമാറി പലസ്ഥലങ്ങളിൽ ക്രൈം സ്‌ക്വാഡ് നിരീക്ഷണം നടത്തി. വിവിധസംഘങ്ങളായി തിരിഞ്ഞ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കല്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ടി.പി. ദിനേശിന്റെ നേതൃത്വത്തിൽ എസ്.ഐ. വിമൽചന്ദ്രനാണ് കേസിന്റെ അന്വേഷണച്ചുമതല.
ആഘോഷങ്ങൾ നടക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചും മുഹമ്മദ് മോഷണം നടത്തിയിരുന്നു. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളിൽ ഷാഡോ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. 75 പവൻ സ്വർണം മോഷണം പോയ മുട്ടിലിൽ ക്യാമ്പ് ചെയ്തും പോലീസ് നിരീക്ഷണം നടത്തിയിരുന്നു. സി.സി.ടി.വി. ക്യാമറകളുള്ള വീടുകളിൽ ഇയാൾ മോഷണം നടത്താറില്ല. നേരത്തേ സ്ഥലം മനസ്സിലാക്കി സി.സി.ടി.വി. ക്യാമറകളിൽ ഉൾപ്പെടാതിരിക്കാൻ മുഹമ്മദ് പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. അതുകൊണ്ടുതന്നെ പലയിടങ്ങളിലും പൂർണതോതിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടിയില്ല. ഇതേത്തുടർന്നാണ് തമിഴ്‌നാട്ടിലടക്കം പോയി സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചത്. ഉത്തരകേരളത്തിൽ ഒട്ടേറെ കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഈവർഷം ഏപ്രിൽ അഞ്ചിന് പുലർച്ചെ പുല്പള്ളിയിലെ ഒരു വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞിന്റെ ദേഹത്തുനിന്ന് മാലയും അരഞ്ഞാണവും മുറിച്ചെടുത്തതും മറ്റൊരു മുറിയിലെ അലമാരയിൽനിന്ന് സ്വർണവും പണവും കവർന്നതും കെ.യു. മുഹമ്മദാണ്. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ ഏകദേശം 19 മോഷണങ്ങൾ നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിൽ 13 എണ്ണം വയനാട്ടിലും ആറെണ്ണം തമിഴ്‌നാട്ടിലുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയാൽ മാത്രമേ കേസുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
Content Highlights: Arrest of serial thieves K.U. Muhammed and K.T. Jose., Investigation covered 19 thefts across Wayanad and Tamil Nadu between 2024-2026