യുവതിയുടെ വയറ്റിൽ തുണി, വേദന പറഞ്ഞപ്പോൾ വെള്ളം കുടിക്കാൻ ഉപദേശം, വയനാട് മെഡി.കോളേജിനെതിരേ ആരോപണം

#ന്യൂസ് ഡെസ്ക്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽനിന്ന്‌ രണ്ടരമാസത്തിനുശേഷം തുണിക്കഷണം പുറത്തുവന്നു. ചികിത്സിച്ച ഡോക്ടറുടെപേരിൽ നടപടിയാവശ്യപ്പെട്ട് യുവതി പരാതിനൽകി. മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി(21)യാണ് സ്ത്രീരോഗവിഭാഗം ഡോക്ടറുടെപേരിൽ നടപടിയാവശ്യപ്പെട്ട് മന്ത്രി ഒ.ആർ. കേളുവിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും പരാതിനൽകിയത്.

കഴിഞ്ഞ ഒക്ടോബർ 20-ന് പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവി രാത്രി പത്തോടെയാണ് കുഞ്ഞിനു ജന്മം നൽകിയത്. സുഖപ്രസവമായതിനാൽ 23-ന് ആശുപത്രിയിൽനിന്ന്‌ വിടുതൽ ചെയ്തു. ഇതിനുശേഷം അസഹ്യമായ വേദനയും ദുർഗന്ധവുംകാരണം ആശുപത്രിയിലെത്തി രണ്ടുതവണ ഡോക്ടറെ കണ്ടിരുന്നു. കുഴപ്പമില്ലെന്നും വെള്ളം കുടിക്കാത്തതിലുള്ള പ്രശ്നമാണെന്നും പറഞ്ഞ്‌ മടക്കിയയക്കുകയായിരുന്നു. കഴിഞ്ഞ 29-നാണ് തുണിക്കഷണം പുറത്തേക്കുവന്നത്. ഇത്രയുംകാലത്തിനിടയിൽ അസഹ്യമായ വേദനയും മാനസികപ്രയാസവും ഉണ്ടായിരുന്നതായും യുവതി പറഞ്ഞു.

“രണ്ടുതവണ വേദനയുമായി പോയപ്പോഴും സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ല. തുണിക്കഷണം പുറത്തുവന്നശേഷമാണ് സ്കാനിങ് നടത്തിയത്. ഇത് ആദ്യം ചെയ്തിരുന്നെങ്കിൽ ഇത്ര അസഹ്യമായ വേദന അനുഭവിക്കേണ്ടിവരുമായിരുന്നില്ല. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യമായാണ് കരുതുന്നത്” -ദേവി പറഞ്ഞു. ഡോക്ടറുടെ ശ്രദ്ധക്കുറവിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് ദേവിയുടെ ആവശ്യം.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ ലാബിൽ രക്തം പരിശോധിക്കാൻ നൽകിയപ്പോൾ ഒ പോസിറ്റീവ് ഗ്രൂപ്പുകാരിയായ തനിക്ക് ബി പോസിറ്റീവ് റിസൽട്ടാണ് ലാബ് അധികൃതർ നൽകിയതെന്നും യുവതി ആരോപിച്ചു. പരിശോധനയിൽ രക്തഗ്രൂപ്പ് മാറിയകാര്യം ഭർത്താവിന്റെ അമ്മ അറിയിച്ചപ്പോൾ വേണമെങ്കിൽ മറ്റൊരിടത്തുപോയി നോക്കാനാണ് ആവശ്യപ്പെട്ടത്. കൈക്കുഞ്ഞിനെയുമെടുത്ത് പുറത്തുള്ള ലാബിൽപ്പോയി പരിശോധനനടത്തേണ്ടിവന്നു. ഇവിടെനിന്നു നൽകിയ ഫലത്തിൽ യഥാർഥ രക്തഗ്രൂപ്പാണുണ്ടായിരുന്നത്. ചികിത്സതേടിയതുമുതൽ എല്ലാകാര്യത്തിലും ആശുപത്രി അധികൃതർ നിസ്സംഗത കാട്ടുകയായിരുന്നെന്ന്‌ യുവതി പരാതിപ്പെട്ടു.

പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മന്ത്രി ഒ.ആർ. കേളുവിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Content Highlights: Medical Negligence Allegations: Cloth Fragment Found Post-Childbirth in Wayanad