ഉറപ്പുകൾ ജലരേഖയായി, തലസ്ഥാനത്ത് നാലുനാൾ നരകജീവിതം; ബാധിച്ചത് അഞ്ചു ലക്ഷത്തിലേറെപ്പേരെ

തിരുവനന്തപുരം കരമന സി ഐ ടി റോഡിൽ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ച്ച രാത്രിയും നടക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
തിരുവനന്തപുരം കരമന സി ഐ ടി റോഡിൽ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ച്ച രാത്രിയും നടക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

തിരുവനന്തപുരം: നാലുദിവസം നഗരത്തിലെ കുടിവെള്ളംമുട്ടിച്ചത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തെ ഗുരുതര വീഴ്ച. നേമം, ഐരാണിമുട്ടം ജലസംഭരണി എന്നിവിടങ്ങളിലേക്കുള്ള രണ്ട് പൈപ്പ് ലൈനുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് ആ ഭാഗത്തേക്കുള്ള വാൽവുകൾ അടയ്ക്കുന്നതിനുപകരം പമ്പിങ് നിർത്തിവെച്ചതാണ് വലിയൊരു മേഖലയിലെ കുടിവെള്ളം മുട്ടിച്ചത്.

പി.ടി.പി. നഗറിലെ ജലസംഭരണിയിൽനിന്ന് കരമന ഭാഗത്തേക്കുള്ള പ്രധാന പൈപ്പിൽ തിരുമലഭാഗത്ത് ഒരു വാൽവുണ്ട്. ഇത് അടച്ചിരുന്നെങ്കിൽ കരമന, നേമം ഭാഗത്ത് മാത്രം നിയന്ത്രണം ഏർപ്പെടുത്താമായിരുന്നു. അങ്ങനെയെങ്കിൽ

കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ്, പാങ്ങോട്, തിരുമല വരേയും നഗരകേന്ദ്രത്തിലെ പാളയം, വഞ്ചിയൂർ, പട്ടം, കുന്നുകുഴിവരെയുമുള്ള വലിയൊരു പ്രദേശത്തെ കുടിവെള്ളം മുടങ്ങില്ലായിരുന്നു. എന്നാൽ, തിരുമലയിലെ വാൽവ് കേടായിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവഗണിച്ചു.

വാൽവ് നന്നാക്കുന്നതിനു പകരം പി.ടി.പി. ടാങ്കിലേക്കുള്ള പമ്പിങ് പൂർണമായി നിർത്തിവെക്കാൻ അശാസ്ത്രീയമായ തീരുമാനമെടുക്കുകയായിരുന്നു. ജിക്ക പദ്ധതിപ്രകാരം നിർമിച്ച അരുവിക്കരയിലെ 74 ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണശാലയിൽനിന്നുള്ള പമ്പിങ്ങാണ് നിർത്തിയത്. ഇതോടെ നഗരത്തിലെ 44 വാർഡുകളിൽ കുടിവെള്ളം മുട്ടി.

പമ്പിങ് നിർത്തിവെച്ചിട്ടും പൈപ്പ് അലൈൻമെന്റ് മാറ്റുന്നതിനൊപ്പം തിരുമലയിലെ വാൽവുകൂടി നന്നാക്കാനുള്ള ശ്രമവും ഉണ്ടായില്ല. ഈ വാൽവ് നന്നാക്കിയിരുന്നെങ്കിൽ ശനിയാഴ്ച മേലാറന്നൂരിലെ പുതിയ വാൽവ് കേടായപ്പോൾ നഗരത്തിലെ മറ്റ് ഭാഗങ്ങളിലെ കുടിവെള്ളവിതരണമെങ്കിലും പുനഃസ്ഥാപിക്കാമായിരുന്നു.

ശനിയാഴ്ച രാവിലെ ഒൻപതിന് പമ്പിങ് പുനരാരംഭിച്ചെങ്കിലും മേലാറന്നൂരിലെ വാൽവിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് നിർത്തിവെക്കേണ്ടി വന്നു.

മുന്നൊരുക്കം നടത്തിയില്ല

ലൈൻ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുമാസം മുമ്പുതന്നെ ട്രാക്കിനടിയിലൂടെയുള്ള ഭാഗത്തെ പൈപ്പ് ലൈനിന്റെ അലൈൻമെന്റ് മാറ്റണമെന്ന് റെയിൽവേ ജല അതോറിറ്റിയെ അറിയിച്ചിരുന്നതാണ്. അറിയിപ്പുവന്നപ്പോൾത്തന്നെ വാൽവുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല.

അവസാനം റെയിൽവേ അനുവദിച്ച സമയത്തിനകം പൈപ്പിന്റെ അലൈൻമെന്റ് മാറ്റണമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പമ്പിങ് നിർത്തിവെക്കാൻ തീരുമാനിച്ചത്.

സംഭവം വിവാദമായതോടെ ജല അതോറിറ്റിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർതന്നെ ഇതിനെതിരേ രംഗത്തെത്തി. ജലവിതരണം തടസ്സപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) മന്ത്രിക്ക് പരാതി നൽകി.

ബാധിച്ചത് അഞ്ചു ലക്ഷത്തിലേറെപ്പേരെ

തിരുവനന്തപുരം : നഗരത്തിൽ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത് അഞ്ചു ലക്ഷത്തിലേറെപ്പേർ. കോർപ്പറേഷനിൽ ആകെ നൂറ്‌ വാർഡുകളാണുള്ളത്. ഇതിൽ ഏകദേശം പകുതി വാർഡുകളെയും ജലക്ഷാമം ബാധിച്ചു. വഴുതക്കാട്, തമ്പാനൂർ, മണക്കാട്, ആറ്റുകാൽ, കിഴക്കേക്കോട്ട തുടങ്ങിയ ഇടങ്ങളിൽ വെള്ളം മുടങ്ങി.

സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ വെള്ളത്തിനു ബുദ്ധിമുട്ട് നേരിടുകയും ഇവിടത്തെ ക്യാന്റീൻ അടച്ചിടുകയും ചെയ്തു. തങ്ങളുടെ ഓർമ്മയിൽ അടുത്തകാലത്തൊന്നും വെള്ളത്തിനായി ഇത്രയും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം.

പ്രതിസന്ധിയായി വാൽവ് ഘടിപ്പിക്കൽ

നഗരത്തിന്റെ വെള്ളംകുടി മുട്ടിച്ച പണികൾ നീണ്ടത് വാൽവ് ഘടിപ്പിക്കലിൽ നേരിട്ട പ്രതിസന്ധികാരണം. പൈപ്പ്‌ ലൈൻ മാറ്റിസ്ഥാപിക്കൽ പൂർത്തിയായെങ്കിലും ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും വലിയ വാൽവ് ഘടിപ്പിക്കലുമാണ് രാത്രിയും തുടരുന്നത്.

കിള്ളിപ്പാലം സി.ഐ.ടി. റോഡിൽ സ്ഥാപിച്ച വാൽവിൽ ശനിയാഴ്ച ലീക്ക് കണ്ടതാണ് വീണ്ടും പ്രശ്നം വഷളാക്കിയത്. ഇതോടെ വാൽവ് അഴിച്ച് വീണ്ടും സെറ്റ് ചെയ്തതാണ് പണികൾ നീളാൻ കാരണമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ല. ശനിയാഴ്ച രാവിലെ ആരംഭിച്ച പരീക്ഷണ പമ്പിങ് മണിക്കൂറുകൾക്കകം നിർത്തിവയ്ക്കേണ്ടിയും വന്നു. പൈപ്പ്്‌ലൈൻ മാറ്റിസ്ഥാപിക്കൽ ജോലികൾ ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോൾ പൂർത്തിയായി. പണി തീർന്നാലും പൈപ്പ് ലൈനിൽ ശുചീകരണം നടത്തിയ ശേഷമേ പമ്പിങ് ആരംഭിക്കൂ.

നിമിഷമെണ്ണി ജനം

ഞായറാഴ്ച വെളുപ്പിനു കുടിവെള്ളം എത്തിത്തുടങ്ങുമെന്ന അറിയിപ്പിൽ വിശ്വസിച്ച് അതിരാവിലെ തുടങ്ങിയ നഗരവാസികളുടെ കാത്തിരിപ്പ് രാത്രി വൈകിയും നീണ്ടു. ഉച്ചയ്ക്ക് വെള്ളമെത്തും എന്നായി പിന്നാലെ ജല അതോറിറ്റിയുടെ അറിയിപ്പ്. പണി നടക്കുന്ന സ്ഥലം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ വൈകുന്നേരം നാലിന് ഉറപ്പായും പമ്പിങ് ആരംഭിക്കുമെന്ന് ഉറപ്പുനൽകി. പക്ഷേ അതും ജലരേഖയായി. കുടിവെള്ളം എപ്പോഴെത്തുമെന്ന് കൃത്യമായി പറയാൻ ആരുമില്ലാത്ത അവസ്ഥ.

നരകയാതന നാലാംദിവസത്തേക്കും നീണ്ടതോടെ ജനരോഷവുമുയർന്നു. അരുവിക്കരയിൽനിന്നു വെള്ളവുമായി കോർപ്പറേഷന്റെ ടാങ്കറുകൾ നിർത്താതെ എത്തിയിട്ടും ക്ഷാമത്തിനു പരിഹാരമായില്ല. ടാങ്കർ വരുന്ന വഴികളിൽപ്പോലും നാട്ടുകാർ പാത്രങ്ങളും നിരത്തി കാത്തിരിക്കുന്ന കാഴ്ചയും കാണാമായിരുന്നു.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കിള്ളിപ്പാലം ടി എൻ പുരത്ത് രാത്രി വൈകിയും കുടിവെള്ളം വിതരണം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

കോർപ്പറേഷന്റെ ജലവിതരണ ആപ്പും ആവശ്യക്കാരാൽ നിറഞ്ഞു. നഗരത്തിൽ കടകളിൽ കുപ്പിവെള്ളം തീരുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. കൂടിയ വിലയ്ക്ക് കുപ്പിവെള്ളം വാങ്ങി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കേണ്ടി വന്ന പലരും വീട് പൂട്ടി ബന്ധുവീടുകളിൽ അഭയം തേടി.

ഇതിനിടെ യുവജന, സന്നദ്ധ സംഘടനകളും കുടിവെള്ള വിതരണവുമായി രംഗത്തെത്തി. പലയിടങ്ങളിൽനിന്നു വലിയ ടാങ്കുകളിൽ ജലം സംഭരിച്ച് ലോറികളിൽ എത്തിക്കുകയായിരുന്നു ഇവർ. മുന്നറിയിപ്പനുസരിച്ച പലരും വെള്ളം ശേഖരിച്ചുവെച്ചിരുന്നെങ്കിലും ശനിയാഴ്ചതന്നെ അതും തീർന്നിരുന്നു. ഞായറാഴ്ച ദുരിതം തുടർന്നതോടെ ജനം വൈകാരികമായി പ്രതികരിച്ചുതുടങ്ങി.

ഉറപ്പുകള്‍ ജലരേഖയായി; വെള്ളംമുട്ടി തലസ്ഥാനം

ഒരു ദിവസം മാത്രം ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പണികളാണ് നാലുനാൾ പിന്നിട്ടത്.

നഗരത്തിൽ മിക്ക വീടുകളും പൈപ്പ് വെള്ളത്തെത്തന്നെയാണ് ആശ്രയിക്കുന്നത്. അപൂർവം വീടുകളിൽ മാത്രമാണ് കുഴൽക്കിണറുള്ളത്. ആദ്യത്തെ രണ്ടുദിവസം ടാങ്കുകളിൽ ശേഖരിച്ചുവെച്ചിരുന്ന വെള്ളം ഉപയോഗിച്ചുവെങ്കിലും അടുത്തദിവസംമുതൽ ജനം ദുരിതമനുഭവിച്ചുതുടങ്ങി. ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട് എന്ന് കോർപ്പറേഷൻ പറയുന്നുവെങ്കിലും പലയിടത്തും ഇത് എത്തിയിരുന്നില്ല. പ്രധാന റോഡുകളിൽ വെള്ളം കൊണ്ടുവന്നാലും ഉൾപ്രദേശങ്ങളിലുള്ളവർക്ക് ഇത് കിട്ടിയില്ല. അപൂർവം ചില പൊതുടാപ്പുകളിൽ വെള്ളം ഉണ്ടായിരുന്നുവെങ്കിലും നൂറുകണക്കിന് വീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമായിരുന്നില്ല. പലപ്പോഴും ഇവയുടെ മുന്നിൽ പാത്രങ്ങളുടെ നീണ്ട നിരയായിരുന്നു.

വെള്ളം തീരെ കിട്ടാതായതോടെയാണ് പലരും നഗരത്തിനുപുറത്തുള്ള ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കും പോയത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവരുള്ള വീടുകളിൽ ഇതും നടന്നില്ല.

അറിയിപ്പുകൾ തെറ്റി

ജനങ്ങൾക്ക് വെള്ളം എന്നുവരുമെന്നതിനെക്കുറിച്ച് ശരിയായ അറിയിപ്പുകൾ നൽകാൻപോലും അധികൃതർ തയ്യാറായില്ല. അന്വേഷിക്കുന്നവരോട് ഉടൻ ശരിയാകും എന്ന ഒഴുക്കൻ മറുപടിയാണ് ജല അതോറിറ്റിയിലെ പല ഓഫീസുകളിൽനിന്നും നൽകിയത്. ഭരണസിരാകേന്ദ്രത്തിന്റെയും ഭരണ സംവിധാനങ്ങളുടെയും മൂക്കിനുതാഴെ നടന്ന സംഭവങ്ങളായിട്ടുപോലും സമയത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ലായെന്നത് സംവിധാനങ്ങളുടെ മുഴുവൻ കഴിവുകേട് വ്യക്തമാക്കുന്നതായി.

ഹോട്ടലുകൾ അടച്ചു

വെള്ളമില്ലാത്തതുകാരണം ചില സ്ഥലങ്ങളിൽ ഹോട്ടലുകളും, ബേക്കറികളും തുറന്നില്ല. ഓണസമയമായതിനാൽ ഷോപ്പിങ്ങിനും മറ്റും ജനങ്ങൾ കൂടുതലായി നഗരത്തിലെത്തുന്ന സമയമാണിത്. കച്ചവടം കാര്യമായി നടക്കുന്ന സമയത്തുതന്നെ വ്യാപാരികൾക്ക് ഇരുട്ടടിയും ഓണസമ്മാനവുമായി ജല അതോറിറ്റിയുടെ നടപടികൾ

ഇടയിൽ മുതലെടുപ്പും

വെള്ളംകുടി മുട്ടിയപ്പോൾ ചിലർ കുപ്പിവെള്ളത്തെ ആശ്രയിച്ചു. എന്നാൽ, അവസരം മുതലെടുത്ത് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 25 രൂപയും 30 രൂപയും ഈടാക്കിയവരുണ്ട്. കാനിലെ വെള്ളത്തിനും ഇതുപോലെ അധിക വില വാങ്ങി.

പഴിചാരി വകുപ്പുകൾ

ജനം കഷ്ടപ്പെടുമ്പോഴും സർക്കാരും കോർപ്പറേഷനും ജല അതോറിറ്റിയും പരസ്പരം പഴിചാരുകയായിരുന്നു. യോഗങ്ങളിൽ പൊട്ടിത്തെറിച്ച പലരും നാട്ടുകാരുടെ ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെ വിറങ്ങലിച്ചു നിന്നു. വിവരങ്ങൾ അറിയാൽ ജല അതോറിറ്റി ഓഫീസുകളിൽ വിളിച്ചവരോട് ഉദ്യോഗസ്ഥർ ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും പരാതിയുണ്ട്..

ടാങ്കറിന് വൻ ചെലവ്....വെള്ളം ഓട്ടോയിൽ

കോർപ്പറേഷന്റെ ആപ്പ് വഴി പൈസ കൊടുത്ത് ടാങ്കർ വെള്ളം ബുക്കുചെയ്യാൻ സൗകര്യമുണ്ട്. എന്നാൽ, ഏറ്റവും കുറഞ്ഞത് 2000 ലിറ്റർ വെള്ളമേ ഇതുവഴി ബുക്കുചെയ്യാൻ കഴിയൂ. സാധാരണ വീടുകളിൽ 500, 1000 ലിറ്റർ ടാങ്കുകളാണുള്ളത്. 2000 ലിറ്റർ വെള്ളത്തിന് 1500 രൂപയ്ക്കടുത്താകും. അതിനാൽ പാവപ്പെട്ടവർക്ക് ഇത് വാങ്ങുക പ്രായോഗികവുമല്ല. മണക്കാട് ഭാഗത്ത് കഴിഞ്ഞദിവസം കുറച്ച്‌ വീട്ടുകാർചേർന്ന് ഓട്ടോയിലാണ് വീടുകളിലേക്കാവശ്യമായ ജലമെത്തിച്ചത്. ഇവിടത്തെ താമസക്കാരനായ ഒരാളുടെ ദൂരെയുള്ള ബന്ധുവീട്ടിലെ കിണറ്റിൽനിന്നാണ് ഓട്ടോനിറയെ പാത്രങ്ങൾനിറച്ച വെള്ളം കൊണ്ടുവന്നത്.

പമ്പിങ് പുനരാരംഭിച്ചു

പൈപ്പ് ലൈനിന്റെ പണികളെ തുടർന്ന് നിർത്തിവെച്ച പമ്പിങ് ഞായറാഴ്ച രാത്രി പത്തുമണിയോടെ പുനരാരംഭിച്ചു. 15 മിനിറ്റുകൊണ്ട് പൂർത്തീകരിക്കേണ്ട ബന്ധിപ്പിക്കൽ ജോലികൾ പൂർത്തീകരിച്ചത് രണ്ടര മണിക്കൂർ പണിപ്പെട്ടാണ്.

പൈപ്പുകൾ ബന്ധിപ്പിക്കുന്നത് പൂർത്തീകരിച്ചതോടെ പമ്പിങ് ആരംഭിക്കാൻ പ്ലാന്റിലേക്ക് സൂപ്രണ്ടിങ് എൻജിനീയർ നിർദേശം നൽകുകയായിരുന്നു. രാത്രി ഒരുമണിയോടെ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിത്തുടങ്ങി.

ഉയർന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽനിന്നു വിതരണം നടക്കുന്ന പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ വെള്ളമെത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വലിയ പ്രവൃത്തികൾ നടത്തുമ്പോൾ കോർപ്പറേഷനെ അറിയിക്കണമെന്ന് ജല അതോറിറ്റിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

Content Highlights: Water crisis in Thiruvananthapuram city affected more than 5 lakh people