അവന്മാരില്ലാതെ ഒരിടത്തും പോവില്ലായിരുന്നു; വിതുരയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കള്‍

Photo: Mathrubhumi News
Photo: Mathrubhumi News

തിരുവനന്തപുരം: വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കളായിരുന്നവര്‍. മര്‍ദനമേറ്റ വിദ്യാര്‍ഥിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്റെ കൂടെ പഠിച്ചവരാണ്. പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങള്‍. അവന്മാരില്ലാതെ ഞാന്‍ ഒരിടത്തും പോവുകപോലുമില്ലായിരുന്നു. അത്രക്ക് ഒറ്റക്കെട്ടായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. 

സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ്  മര്‍ദിച്ചത്.  ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ എന്ന് വിദ്യാര്‍ഥി പറയുന്നു. വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി സമീപത്തുള്ള വാഴത്തോട്ടത്തിലിട്ട് പൊതിരെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമാണ് നേരിട്ടതെന്ന് വിദ്യാര്‍ഥി പറഞ്ഞു. അടികൊണ്ട് തലകറങ്ങുന്ന സ്ഥിതി വന്നു. അനിയനെയും അവര്‍ തല്ലി. അനിയന്റെ നിലവിളി കേട്ട് ഒരാള്‍ എത്തിയപ്പോഴാണ് എല്ലാവരും ഓടി രക്ഷപ്പെട്ടത്- വിദ്യാര്‍ഥി പറയുന്നു. 

സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇരുവരേയും സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് പേടിച്ച് അമ്മയോട് പറഞ്ഞില്ല. ഫോണില്‍ പകര്‍ത്തിയ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് അക്രമികള്‍ വീരവാദം മുഴക്കിയിരുന്നു. ഈ വീഡിയോ ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയര്‍ ചെയ്ത് കിട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ കണ്ട മാതാപിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. പോലീസ് ചൈല്‍ഡ് ലൈനിലേക്ക് പരാതി കൈമാറുകയായിരുന്നു. 

രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. മൂന്ന് പേരാണ് സംഭവത്തില്‍ പങ്കാളിയായിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുപേരടങ്ങുന്ന സംഘമാണ് മര്‍ദനം നടത്തിയത്. ഇതില്‍ മൂന്ന് പേരാണ് കുട്ടിയെ മര്‍ദിച്ചത്. വിദ്യാര്‍ഥിയെ മര്‍ദിച്ചവരെ നാളെ കെയര്‍ ഹോമിലേക്ക് മാറ്റും. 

Content Highlights: A 16-year-old boy was brutally assaulted by his close friends in Vithura