500 രൂപയുടെ സമ്മാനം ലക്ഷമായി; മോനച്ചന് ഇത് വൈകിവന്ന ബമ്പർ

• ലക്ഷം രൂപ സമ്മാനംകിട്ടിയ വിഷുബമ്പർ ടിക്കറ്റ് മോനച്ചന് മാതാ ലോട്ടറി ഏജന്റ് ഡാനിയേൽ ജോർജ് കൈമാറുന്നു
• ലക്ഷം രൂപ സമ്മാനംകിട്ടിയ വിഷുബമ്പർ ടിക്കറ്റ് മോനച്ചന് മാതാ ലോട്ടറി ഏജന്റ് ഡാനിയേൽ ജോർജ് കൈമാറുന്നു

ആലപ്പുഴ: തുമ്പോളി മൗലാപറമ്പിൽ മോനച്ചന് ഇപ്പോൾ ബമ്പറടിച്ച സന്തോഷമാണ്. 500 രൂപയുടെ സമ്മാനമെന്ന് കരുതിയ ലോട്ടറി ടിക്കറ്റിന് ലക്ഷം രൂപ സമ്മാനം കിട്ടിയാൽ ബമ്പറെന്നല്ലാതെ എന്തുപറയും. ബുധനാഴ്ച നറുക്കെടുത്ത വിഷുബമ്പർ ലോട്ടറിയുടെ സമാശ്വാസ സമ്മാനമായ ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലികളിൽ ഒരാളാണ് മോനച്ചൻ. പക്ഷേ, ലക്ഷം രൂപ കിട്ടിയ കാര്യം മോനച്ചൻ അറിഞ്ഞില്ല.

ചെറിയ സമ്മാനങ്ങളാണ് എല്ലാ മലയാളികളെയും പോലെ മോനച്ചനും ആദ്യം നോക്കിയത്. അവസാന നാലക്കത്തിന് 500 രൂപയുണ്ടെന്നറിഞ്ഞപ്പോൾ തുമ്പോളിയിലെ മാതാ ലോട്ടറി ഏജൻസിയിലെത്തി ടിക്കറ്റ് നൽകി പണം വാങ്ങി. മാതാ ഏജൻസി അധികൃതരും ആദ്യം അത് തിരിച്ചറിഞ്ഞില്ല. പിന്നീട് കലവൂരിലെ മൊത്തവിതരണ ഏജന്റ് മുഴുവൻ നമ്പറും പരിശോധിച്ചപ്പോഴാണ് സമാശ്വാസ സമ്മാനമായ ലക്ഷം രൂപ മോനച്ചന്റെ ടിക്കറ്റിനാണ് കിട്ടിയതെന്ന് മനസ്സിലായത്. ഇതോടെ വിവരം മാതാ ലോട്ടറി ഏജന്റ് ഡാനിയേലിനെ അറിയിച്ചു.

ഇടയ്ക്ക് ലോട്ടറിക്കടയിൽ വരുന്നയാളാണ് മോനച്ചനെന്നറിയാം. ഒടുവിൽ മോനച്ചൻ സ്ഥിരമായിഎത്തുന്ന ഇടങ്ങളിലെല്ലാം തിരക്കി നടന്നു. ഒടുവിൽ ആരോ നമ്പർ കൊടുത്തു. ആ നമ്പറിൽ ഏജന്റ് വിളിച്ചതോടെയാണ് ലക്ഷം രൂപയുടെ ഉടമ താനാണെന്ന് മോനച്ചനറിഞ്ഞത്. ശനിയാഴ്ച വൈകുന്നേരം തുമ്പോളിയിലെ മാതാ ലോട്ടറിയിലെത്തിയ അദ്ദേഹത്തിന് ലക്ഷം രൂപ സമ്മാനം കിട്ടിയ വി.എ. 490987 എന്ന ടിക്കറ്റ് ഏജന്റ് ഡാനിയേൽ കൈമാറി.

വലിയ തുകയായതിനാൽ ലോട്ടറി ഓഫീസ് വഴിയേ അതുമാറാനാകൂ. വി.സി. 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. പഴവീട് സ്വദേശി വിശ്വംഭരനായിരുന്നു ഒന്നാം സമ്മാനാർഹൻ. വി.എ. സീരീസിലെ അതേ നമ്പറായതാണ് മോനച്ചന് സമാശ്വാസ സമ്മാനം നേടിക്കൊടുത്തത്.

Content Highlights: vishu bumper one lakh to monachan