'വികസിത് ഭാരത്' ചർച്ചയിൽ ‘തട്ടമിട്ട വിദ്യാർഥികൾ’ വേണമെന്നാവശ്യം; സ്‌ക്രീനിൽ ഭാരതാംബയും; വിവാദം

#ന്യൂസ് ഡെസ്ക്
വികസിത് ഭാരത് ചർച്ചയിൽ വന്ദേമാതരത്തിനൊപ്പം എൽ.ഇ.ഡി. സ്‌ക്രീനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചപ്പോൾ
വികസിത് ഭാരത് ചർച്ചയിൽ വന്ദേമാതരത്തിനൊപ്പം എൽ.ഇ.ഡി. സ്‌ക്രീനിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചപ്പോൾ

ശ്രീകാര്യം: കേന്ദ്ര യുവജനക്ഷേമ കായികമന്ത്രാലയം സംഘടിപ്പിച്ച വികസിത് ഭരത് ചർച്ചയുടെ അവലോകനത്തിന് തട്ടമിട്ട വിദ്യാർഥിനികൾ വേണമെന്ന നിർദേശം വിവാദമായി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി.) സംഘടിപ്പിച്ച 'വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് 2026' പരിപാടിയിലാണ് വിവാദങ്ങളുടെ വേലിയേറ്റം.

പരിപാടി തുടങ്ങിയതുമുതൽ എൽ.ഇ.ഡി. സ്‌ക്രീനിൽ ഭാരതാംബയുടെ ചിത്രം തെളിഞ്ഞു. തുടർന്ന് ചിത്രത്തിൽ പുഷ്പാർച്ചനയും വന്ദേമാതരവുമുണ്ടായി. ഇതിനുപിന്നാലെയാണ് പരിപാടിയുടെ അവലോകനം അവതരിപ്പിക്കുന്നതിന് തട്ടമിട്ട രണ്ടു മുസ്ലിം വിദ്യാർഥിനികൾ വേണമെന്ന നിർദേശം വന്നത്. 

പരിപാടിയുടെ പ്രോജക്ട് പോയിന്റ് ചെയർമാൻ ഡോ. സംഗ്രാം കേസരി സാമന്ത റേയാണ് ഇക്കാര്യം നിർദേശിച്ചത്. ഇക്കാര്യം വിദ്യാർഥികളിൽ ചിലർ എസ്.എഫ്.ഐ. പ്രവർത്തകരെ അറിയിച്ചു. തുടർന്ന് സി.ഇ.ടി.യിലെ എസ്.എഫ്.ഐ. പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. ഇത് ഇന്ത്യയാണ് ആർ.എസ്.എസ്. ശാഖയല്ലെന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനെത്തുടർന്ന് ചടങ്ങുകൾ നിർത്തിവെച്ചു. സാങ്കേതികസർവകലാശാലയും എൻ.എസ്.എസ്. യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

'സുസ്ഥിരവും ഹരിതാഭവുമായ വികസിത് ഭാരത് കെട്ടിപ്പടുക്കൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കേന്ദ്രസർക്കാർ പരിപാടിയായതിനാലാണ് വന്ദേമാതരവും ഭാരതാംബയുടെ ചിത്രവും ഉൾപ്പെടുത്തിയതെന്നാണ് സംഘാടകരുടെ നിലപാട്.

Content Highlights: Controversy erupted at College of Engineering Trivandrum (CET) during the Viksit Bharat Young Leaders Dialogue 2026., Organizers allegedly demanded veiled (hijab-wearing) female students for the review presentation., SFI activists staged a protest on stage chanting slogans against the directive., The event was jointly organized by the Technological University and the NSS unit.