നിൽക്കാൻപോലും ഇടമില്ല, ഇത് 'വേണാട് കലാപം'; വൈകീട്ട് മെമു സർവീസ് വേണമെന്ന് ആവശ്യം

കരുനാഗപ്പള്ളി (കൊല്ലം): കനത്ത തിരക്കുകാരണം ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിലെ യാത്രക്കാർ ദുരിതത്തിൽ. എറണാകുളം ടൗണിൽനിന്ന് ഉച്ചയ്ക്ക് 1.50-നുള്ള പരശുറാം എക്‌സ്പ്രസും സൗത്തിൽനിന്നുള്ള കൊല്ലം മെമുവും പുറപ്പെട്ടുകഴിഞ്ഞാൽ പിന്നീട് 5.20-നുള്ള വേണാട് എക്‌സ്പ്രസ് മാത്രമാണ് കൊല്ലത്തേക്കുള്ള യാത്രക്കാരുടെ ആശ്രയം.
ഈ തീവണ്ടി എറണാകുളം വിടുമ്പോൾത്തന്നെ യാത്രക്കാർ നിറയും. തൃപ്പൂണിത്തുറയിൽ എത്തുമ്പോഴേക്കും ആളുകൾക്ക് കയറിപ്പറ്റാൻപോലും ബുദ്ധിമുട്ടാണ്.
ഉച്ചയ്ക്ക് തീവണ്ടികൾ ഇല്ലാത്തതിനാൽ ജീവനക്കാരും വിദ്യാർഥികളും മറ്റു യാത്രക്കാരുമെല്ലാം ഈ തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ യാത്രക്കാരാണ് ദിവസവും തീവണ്ടിയെ ആശ്രയിക്കുന്നത്. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ടിരുന്ന കൊല്ലം മെമു കോവിഡ്കാലത്ത് നിർത്തലാക്കിയിരുന്നു. പരശുറാമിനുശേഷം വിവേക്, കേരള എക്‌സ്പ്രസുകൾ ഉണ്ടെങ്കിലും ഇവ ഏറെ വൈകിയാണ് എത്തുന്നത്.
പരിമിതമായ സ്റ്റേഷനുകളിൽമാത്രമേ ഇവയ്ക്ക് സ്റ്റോപ്പുകളുമുള്ളൂ. കുട്ടികളുമായി കയറുന്നവരും ഇറങ്ങുന്നവരും പ്രായമായവരും വളരെ ബുദ്ധിമുട്ടിയാണ് തിരക്കുള്ള തീവണ്ടിയിൽ യാത്രചെയ്യുന്നത്.
കോട്ടയം വഴി ഇരട്ടപ്പാത പൂർണമായും സഞ്ചാരയോഗ്യമായ സാഹചര്യത്തിൽ എറണാകുളം സൗത്തിൽനിന്ന് പുതുതായി മെമു സർവീസ് ആരംഭിച്ചാൽ യാത്രാദുരിതത്തിന് ഒരുപരിധിവരെ പരിഹാരമാകും. പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ വീൽസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Content Highlights: Passengers on the Shoranur-Thiruvananthapuram Venad Express are facing severe overcrowding and hardship due to limited train services. Urgent solutions are needed.