എസ്.എൻ.ഡി.പി. യോഗത്തിന്റെ തലപ്പത്ത് 30 വർഷം പിന്നിട്ട് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിട്ട് വെള്ളാപ്പള്ളി നടേശൻ. യോഗ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഇത്രയുംനാൾ ഈ സ്ഥാനത്തിരിക്കുന്നത്. 1996 നവംബർ 17-നാണ് വെള്ളാപ്പള്ളി ആദ്യമായി ജനറൽ സെക്രട്ടറിയായത്.
യോഗം, യൂണിയൻ, ശാഖ എന്നിങ്ങനെ ത്രിതല സംവിധാനമാണ് നേരത്തേ എസ്.എൻ.ഡി.പി. യോഗത്തിനുണ്ടായിരുന്നത്. വെള്ളാപ്പള്ളി വന്നശേഷം മൈക്രോഫിനാൻസ്, കുടുംബയൂണിറ്റ്, ശാഖ, യൂണിയൻ, യോഗം എന്നിങ്ങനെ പഞ്ചതല സംവിധാനമാക്കി. സൈബർതലം മുതൽ സർവീസ് തലം വരെയുള്ള പത്തിലധികം പോഷകസംഘടനകളുമുണ്ട്.
വെള്ളാപ്പള്ളി നടേശൻ സ്ഥാനമേൽക്കുമ്പോൾ 3,400 ശാഖകളും 50 യൂണിയനുകളും മാത്രമുണ്ടായിരുന്ന എസ്.എൻ.ഡി.പി. യോഗത്തിന് ഇന്ന് 6,500 ശാഖകളും 140 യൂണിയനുകളുമുണ്ട്. ഇതിനുപുറമേ 82,000 മൈക്രോഫിനാൻസ് യൂണിറ്റുകളും 32,000 കുടുംബയൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
സമുദായാംഗങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താൻ 15,000 കോടിയിലധികം രൂപ വായ്പയായും വിതരണം ചെയ്തു. എസ്.എൻ.ഡി.പി. യോഗത്തിന്റെ നിയന്ത്രണത്തിൽ പുതിയ 23 കോളേജുകളും 28 സ്കൂളുകളും തുടങ്ങി. യോഗത്തിന്റെ ബജറ്റ് അഞ്ചുകോടിയിൽനിന്ന് 150 കോടിയായി.
1996 മുതൽ അദ്ദേഹം എസ്.എൻ. ട്രസ്റ്റിന്റെ സെക്രട്ടറിയുമാണ്. അന്ന് 50 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എസ്.എൻ. ട്രസ്റ്റിന് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 143 ആയി ഉയർന്നു. 1996-97-ൽ എസ്.എൻ. ട്രസ്റ്റിന്റെ ബജറ്റ് 11 കോടിയായിരുന്നെങ്കിൽ ഇപ്പോൾ 148 കോടിയിലധികമാണ്. ഡിസംബർ 19-നു നടക്കുന്ന ട്രസ്റ്റ് തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽത്തന്നെ വെള്ളാപ്പള്ളിപക്ഷം വളരെയേറെ മുന്നിലാണ്.
സാധാരണരായ സമുദായാംഗങ്ങളാണ് തന്റെ സമ്പത്തെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ കാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Vellappally Natesan has completed 30 years as SNDP Yogam General Secretary since taking charge on November 17, 1996., SNDP branches grew from 3,400 to 6,500 and unions increased from 50 to 140 under his leadership., SN Trust educational institutions expanded from 50 to 143, with the trust budget rising to over 148 crore.