മലപ്പുറത്തെ ഹിന്ദുവിഭാഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ നിയമിക്കണം- കെ.പി. ശശികല

കെ.പി. ശശികല വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു
കെ.പി. ശശികല വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

മലപ്പുറം: എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വസ്തുതാപരമാണെന്നും മലപ്പുറം ജില്ലയിലെ ന്യൂനപക്ഷമായ ഹിന്ദുവിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കണമെന്നും ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. അദ്ദേഹത്തെ വര്‍ഗീയവാദിയാക്കുന്നവര്‍ യഥാര്‍ഥ വിഷയം ചര്‍ച്ചചെയ്യാതിരിക്കാനാണു ശ്രമിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ ശശികല പറഞ്ഞു.

മുസ്ലിം സമുദായത്തിന് 17 എയ്ഡഡ് കോളേജുള്ള ജില്ലയില്‍ ഹൈന്ദവ സമുദായത്തിന് ഒന്നുമാത്രമാണുള്ളത്. പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകളില്‍ മുസ്ലിം ഇതര വിഭാഗങ്ങളെ നിസ്സാരകാര്യങ്ങളുടെ പേരുപറഞ്ഞ് ഒഴിവാക്കുന്നു. വാരിയന്‍കുന്നനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ഭരണസംവിധാനങ്ങള്‍ കേരളഗാന്ധി കെ. കേളപ്പന്റെ ഓര്‍മ്മകളെ മലപ്പുറത്തിന്റെ മണ്ണില്‍ നിലനിര്‍ത്താതിരിക്കാന്‍ പ്രയത്നിക്കുന്നു. മലയാളഭാഷാപിതാവ് എഴുത്തച്ഛന് ജന്മനാടായ തിരൂരില്‍ ഒരു പ്രതിമ സ്ഥാപിക്കാന്‍ ഇതുവരെ സര്‍ക്കാരുകള്‍ക്കായിട്ടില്ല -ശശികല പറഞ്ഞു.

ഒബിസി വിഭാഗത്തിലും സംവരണത്തിലുമായി വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ഇരട്ടസംവരണാനുകൂല്യം അനീതിയാണ്. നിയമംകൊണ്ടല്ല, ചിലരുടെ വിവേചനത്തിലൂടെയാണ് ഹിന്ദു, പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് നീതി നിഷേധിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, ജില്ലാപ്രസിഡന്റ് ടി. വിജയരാഘവന്‍, ജില്ലാ ജനറല്‍സെക്രട്ടറി തവനൂര്‍ പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ജമുന കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: vellappally natesan malappuram controversy kp sasikala response