ലാവലിൻ കേസ് വിളിക്കുന്ന ദിവസം CBI അഭിഭാഷകന് പനി വരും, ബിജെപി-സിപിഎം ബാന്ധവം; നവീൻബാബുവിന്റെ കേസും അട്ടിമറിക്കാൻ ശ്രമം- വിഡി സതീശൻ

വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: എഡിഎം നവീൻബാബുവിന്റെ കുടുംബത്തോട് സർക്കാർ കാട്ടിയത് അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം ഉൾപ്പെടെ എല്ലാവരും രംഗത്തിറങ്ങിയപ്പോൾ മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തത്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴും സർക്കാർ നടത്തുന്നത്. നവീൻ ബാബുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ടിട്ടും സർക്കാർ അതിനെ എതിർത്തെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലം മുതൽക്കെ ഇരകളുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ സർക്കാർ അതിനെ എതിർക്കാറില്ല. അന്വേഷണത്തിലേക്ക് പോയാൽ ഇപ്പോൾ കുടുങ്ങിയവർ മാത്രമല്ല ഒരു പാട് പേർ കുടുങ്ങും. പമ്പ് ആരുടേതാണെന്ന് പുറത്തുവരും. പ്രതികളായവരൊക്കെ ബെനാമികളാണ്. പ്രധാനപ്പെട്ട സിപിഎം നേതാക്കളുടെ ഷേഡി ഏർപ്പാടുകൾ വെളിയിൽ വരും എന്നതു കൊണ്ടാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർത്തത്. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ മകന് നൽകിയ ഇ.ഡി നോട്ടീസിനെ കുറിച്ച് സിപിഎം മുഖപത്രത്തിൽ എഴുതിയവർക്ക് വായിക്കാൻ അറിയാൻ പാടില്ലാത്തതു കൊണ്ടാണോ അതോ മനസിലായിട്ടും മനസിലാക്കാതെ ഇരിക്കുകയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നോട്ടീസ് ലാവലിൻ കേസിലാണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് വാങ്ങിയോ, അതോ ആൾ താമസമില്ലെന്നു പറഞ്ഞു മടക്കിയോ എന്നത് മറ്റൊരു കാര്യം. എന്തുകൊണ്ടാണ് ഇ.ഡി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാത്തതെന്നാണ് ഞങ്ങൾ ചോദിച്ചത്. ബി.ജെ.പി- സി.പി.എം രാഷ്ട്രീയ ബാന്ധവമുള്ളതു കൊണ്ടാണ് കേസ് മുന്നോട്ട് പോകാതിരുന്നത്. അതു തന്നെയാണ് ലാവലിൻ കേസിലും സംഭവിച്ചത്. മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ തവണയാണ് കേസ് മാറ്റിവച്ചത്. കേസ് വിളിക്കുന്ന ദിവസം സി.ബി.ഐ അഭിഭാഷകന് പനിവരും. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നൽകിയതിനു പിന്നാലെ ധാരണയായി. 2023ലാണ് നോട്ടീസ് നൽകിയത്. ഇതിനു പിന്നാലെയാണ് ആർ.എസ്.എസ് നേതാവ് ഹൊസബളയെ സന്ദർശിക്കാൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ പോയത്. ഈ ആരോപണം ഉന്നയിച്ചപ്പോൾ രണ്ടു പേരും നിഷേധിച്ചു. പിന്നീട് സമ്മതിച്ചു. പൂരം കലക്കിയെന്ന ആരോപണവും തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും വന്നത് ഈ നോട്ടീസിനു പിന്നാലെയാണ്. കൊടകര കുഴൽപ്പണ കേസിൽ എല്ലാ ബി.ജെ.പി നേതാക്കളെയും രക്ഷപ്പെടുത്തി. ഇതെല്ലാം ഈ നോട്ടീസിന്റെ ഭാഗമാണ്.

ഈ വിഷയത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ ഹീനമായ സൈബർ ആക്രമണം നടത്തുകയാണ്. സി.പി.എമ്മിന് എന്തും ആകാമല്ലോ. അവരുടെ കുടുംബത്തെ വരെ ആക്രമിക്കുകയാണ്. പിണറായി വിജയന്റെ മകന് ഇ.ഡി നോട്ടീസ് അയച്ചാൽ അത് വാർത്തയാക്കാൻ പാടില്ലേ? വാർത്ത നൽകിയാൽ മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം നടത്തുമോ? കേരളത്തിൽ എന്തും നടക്കുമോ? അതൊന്നും ശരിയല്ല. അതുകൊണ്ടൊന്നും മാധ്യമ പ്രവർത്തനം അവസാനിക്കില്ല. വനിതാ മാധ്യമ പ്രവർത്തകർക്കെതിരെയും ഹീനമായ ആക്രമണം നടന്നു. സി.പി.എമ്മിന് എതിരെ വാർത്ത നൽകിയാൽ വ്യക്തിപരമായി തെരഞ്ഞു പിടിച്ച് സൈബർ ആക്രമണം നടത്തുകയാണ്. അതൊക്കെ കയ്യിൽ വച്ചാൽ മതി. അതുമായി ഇറങ്ങേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

കേരളം മുഴുവൻ ബഹുമാനിക്കുന്ന ജി. സുധാകരനെ പോലെ സമുന്നതനായ നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്ന പാർട്ടിയായി സി.പി.എം അധഃപതിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ''ഞങ്ങളെല്ലാം ആദരവോടെയാണ് അദ്ദേഹത്തെ നോക്കിക്കാണുന്നത്. നീതിമാനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ 140 നിയോജക മണ്ഡലങ്ങളിലും അദ്ദേഹം ഒരു പോലെയാണ് പണം അനുവദിച്ചിരുന്നത്. ഞാൻ അന്ന് മന്ത്രിമാരെയൊക്കെ വിമർശിക്കുന്ന കാലത്ത് ജി സുധാകരനെ നിയമസഭയിൽ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരോടും മാന്യമായി ഇടപെടുന്ന ബൗദ്ധിക പശ്ചാത്തലമുള്ള അദ്ദേഹത്തെ പോലും വെറുതെ വിടില്ല. കാരണം അദ്ദേഹം വിദൂഷക സംഘത്തിനൊപ്പമല്ല. രാജകൊട്ടാരത്തിലെ വിദൂഷകർക്ക് മാത്രമാണ് ഇപ്പോൾ കാര്യമുള്ളത്. മാന്യരായ ആളുകൾക്ക് സി.പി.എമ്മിൽ സ്ഥാനമില്ല. അപ്പോൾ പ്രതിപക്ഷത്ത് നിൽക്കുന്ന ഞങ്ങളെയൊക്കെ സി.പി.എം വെറുതെ വിടുമോ. ഞാൻ എന്നും ബഹുമാനത്തോടെ നോക്കിക്കാണുന്ന നേതാവാണ് ജി. സുധാകരൻ. എല്ലാവരും ബഹുമാനിക്കുന്ന ഒരാളെയാണ് കൂലിപ്പട്ടാളത്തെ വിട്ട് അപമാനിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

Content Highlights: Opposition leader VD Satheesan criticizes the government for injustice against ADM Naveen Babu`s family, alleging a CBI probe was opposed to protect CPM leaders and benamis. He also questioned the CPM`s stance on ED notices to CM`s son and cyber attacks on journalists.