അതിവേഗ ട്രെയിൻ വരട്ടെ, നല്ലപദ്ധതി ആരുകൊണ്ടുവന്നാലും പിന്തുണ; സ്പ്രിംക്ലർ ഉപേക്ഷിച്ചത് പിണറായി- സതീശൻ

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് തങ്ങളാരും എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിവേഗ ട്രെയിൻ വരണം. കേരളത്തിന്റെ അടിസ്ഥാനസൗകര്യം മാറണം. പക്ഷേ, അതിന് പാരിസ്ഥിതികമായി പരിശോധന നടത്തി സാമ്പത്തികമായി കേരളത്തിന് താങ്ങാൻ പറ്റുന്നൊരു പദ്ധതി വരട്ടെ. ഇനി അത് കേന്ദ്രം കൊണ്ടുവന്നാലും. ഇനി ഇപ്പോൾ കേരളസർക്കാരിന് കൊണ്ടുവരാൻ ഒന്നുമില്ലല്ലോ. പോകുന്ന പോക്കിലാണ് ഇത് പറഞ്ഞത്, സതീശൻ പരിഹസിച്ചു.

ഒരു പ്രാരംഭ പഠനംപോലും നടത്താതെയാണ് ആർആർടിഎസ് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് നല്ല പദ്ധതി ആര് കൊണ്ടുവന്നാലും ഞങ്ങൾ അതിനെ പിന്തുണയ്ക്കും, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പാരിസ്ഥിതിക ദുരന്തമുണ്ടാക്കും എന്നതിനാലാണ് സിൽവർലൈൻ പദ്ധതിയെ അന്ന് എതിർത്തത്. കേന്ദ്രം ഒരു പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർക്കുന്നില്ലെന്ന് ഞങ്ങൾ പറഞ്ഞു. പദ്ധതി എന്താണെന്ന് അറിയട്ടേ, നോക്കാം എന്ന് പറഞ്ഞു. അത് പറഞ്ഞ് പിറ്റേദിവസം, സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ എതിർത്തു കേന്ദ്രത്തിന്റെ പദ്ധതിയെ അനുകൂലിച്ചു എന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം, സതീശൻ പറഞ്ഞു.

ഇ. ശ്രീധരനെപോലൊരു ആളാണ് അതിവേഗ റെയിൽ പദ്ധതിയേക്കുറിച്ച് പറഞ്ഞത്. അത് വരട്ടെ നോക്കാം, എന്നാണ് പറഞ്ഞത്. അതോടെ വ്യവസായമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയെകുറിച്ച് കേന്ദ്രത്തിനോട് പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ മുഖ്യമന്ത്രിക്ക് പറയാം, എനിക്ക് പറഞ്ഞുകൂടാ? ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല. മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൊച്ചി മെട്രോ പദ്ധതിയിൽനിന്ന് നീക്കാൻ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ഇവർ. ആരും മാറ്റാൻ ഉദ്ദേശിച്ചിരുന്നില്ല. ഇന്നത്തെ വ്യവസായ മന്ത്രി ഉണ്ടാക്കിയ കഥയായിരുന്നു അത്. എന്നിട്ട് അദ്ദേഹംതന്നെ വന്ന് സമരം ചെയ്തു, സതീശൻ പരിഹസിച്ചു.

സ്പ്രിംക്ലർ കേസിൽ താൻ കേസൊന്നും കൊടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്തുവന്നപ്പോൾ സ്പ്രിംക്ലർ പദ്ധതി വേണ്ടെന്നുവെച്ച് ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണ്. പദ്ധതി നടപ്പായില്ലല്ലോ, പിന്നെ കോടതി എന്ത് പറയാനാണെന്നും സതീശൻ ആരാഞ്ഞു. നടപ്പാക്കാൻ പോയപ്പോഴാണ് അതിലെ കുഴപ്പങ്ങൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചത്. ഒരു കുഴപ്പവും ആ പദ്ധതിക്ക് ഇല്ലെങ്കിൽ ഇട്ടിട്ട് ഓടിയത് എന്തിനായിരുന്നെന്നും സതീശൻ ആരാഞ്ഞു.

Content Highlights: vd satheesan on rrts and sprinklr controversy