‘ഇത് കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ; മോഷണക്കേസിലെ പ്രതിയെ മന്ത്രിയായി കൊണ്ടുനടന്നു’

കട്ടപ്പന: തൊണ്ടിമുതൽ മോഷണക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെ ശിക്ഷിച്ച കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം എതിർത്തിട്ടും തൊണ്ടിമുതൽ മോഷ്ടിച്ച കേസിലെ പ്രതിയായ ആന്റണി രാജുവിനെ പിണറായി വിജയൻ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും ഇത് കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെയും സിപിഎം ഇത്തരത്തിൽ സംരക്ഷിക്കുകയാണെന്ന് കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷനേതാവ് ആരോപിച്ചു. 'തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നതാണ്. കേസിൽ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായി വിജയൻ ആന്റണി രാജുവിനെ മന്ത്രിയാക്കിയത്.' വി.ഡി. സതീശൻ പറഞ്ഞു.
'ലഹരിമരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയൻ മന്ത്രിയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം നിലപാട് എടുത്തിട്ടും രണ്ടരവർഷക്കാലം അയാളെ പിണറായി വിജയൻ മന്ത്രിയായി കൊണ്ടു നടന്നു.' അദ്ദേഹം പറഞ്ഞു.
'പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസിൽ കോടതിക്ക് സംശയം തോന്നിയതുകൊണ്ട് മാത്രമാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കൽ തന്നെയാണ് എൽഡിഎഫും സിപിഎമ്മും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന പ്രതികളെ സിപിഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാർക്ക് കുടപിടിക്കുകയാണ് ഈ സർക്കാരെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.' പ്രതിപക്ഷനേതാവ് ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും പ്രതിപക്ഷനേതാവ് സംസാരിച്ചു. 'യുഡിഎഫിലെ ഒരു ഘടകകക്ഷികളുമായും ചർച്ച ആരംഭിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും. എന്നിട്ടും മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിനേക്കാൾ കുത്തിത്തിരിപ്പിന് ഇപ്പോൾ സാധ്യത എൽഡിഎഫിലാണ്. ഒരു വശത്ത് ടീം യുഡിഎഫ് നിൽക്കുമ്പോൾ മറുവശത്ത് ശിഥിലമായ എൽഡിഎഫാണ്. ചതിയൻ ചന്തുവും പിഎം ശ്രീയുമൊക്കെ എൽഡിഎഫിലാണ്.' അദ്ദേഹം പറഞ്ഞു.
'അടുത്ത തിരഞ്ഞെടുപ്പ് വരെ എല്ലാ ദിവസവും വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തണമെന്നും ഇതുപോലെ തന്നെ പിണറായി വിജയനെ സംരക്ഷിക്കണമെന്നുമാണ് എന്റെ ആഗ്രഹം. പാർട്ടി പ്രവർത്തകനായ ഒരാൾ മരിച്ചപ്പോഴാണ് തൊടുപുഴയിലെ ബാങ്കിൽ ഭാര്യയ്ക്ക് ചെറിയൊരു ജോലി നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചതുകൊണ്ട് അവരെ ജോലിയിൽ നിന്നും പിരിച്ച് വിട്ടത് സിപിഎം എത്രത്തോളം അധപതിച്ചെന്നു വ്യക്തമാക്കുന്നതാണ്. അവർക്ക് എല്ലാ വിധത്തിലുള്ള സഹായവും കോൺഗ്രസും യുഡിഎഫും നൽകും.' വി.ഡി. സതീശൻ പറഞ്ഞു.
Content Highlights: Opposition Leader VD Satheesan criticizes Kerala govt for appointing Antony Raju, convicted in a theft case, as minister. Allegations of protecting criminals. Click for details.