തോൽവി ഉറപ്പായതോടെ സിപിഎം വ്യാപക അക്രമം നടത്തുന്നു, ചുമരെഴുത്ത് പോലും സഹിക്കാനാകാത്തവരായി-സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഉറപ്പാക്കിയ സി.പി.എം. കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അക്രമം അവസാനിപ്പിക്കാനും ക്രിമിനൽ സംഘത്തെ നിലയ്ക്കു നിർത്താനും പിണറായി വിജയൻ നിർദേശം നൽകണം. അക്രമികളെ അമർച്ച ചെയ്യാൻ പോലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സി.പി.എം. ക്രിമിനലുകൾ അഴിഞ്ഞാടുന്നത്. പയ്യന്നൂരിൽ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാർ തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകൾക്കു നേരെയും ആക്രമണമുണ്ടായി, സതീശൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന് വേണ്ടി ചുമരെഴുത്ത് നടത്തിയ മതിൽ പോലും തകർത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകൾക്ക് മുന്നിൽ റീത്ത് വയ്ക്കുകയും കോൺഗ്രസ് ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തു. ചുമരെഴുത്ത് പോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനൽ സംഘമായി കണ്ണൂരിലെ സി.പി.എം. മാറി. അക്രമത്തെ തള്ളിപ്പറയാൻ സി.പി.എം സംസ്ഥാന- ജില്ലാ നേതാക്കൾ ആരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്, സതീശൻ വിമർശിച്ചു.
യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്കെതിരെ നായ്ക്കുരണ പൊടി വിതറുന്നതു പോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സി.പിഎം ക്രിമിനലുകൾ നടത്തിയതെന്നും സതീശൻ പറഞ്ഞു. നാദാപുരത്തും പേരാമ്പ്രയിലും താനൂരിലും കാട്ടാക്കടയിലും നേമത്തും നായ്ക്കുരണ പൊടി പ്രയോഗമുണ്ടായി. ആക്രമണങ്ങൾക്കെല്ലാം കേന്ദ്രീകൃത സ്വഭാവം ഉണ്ടായിരുന്നോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനൽ സംഘത്തെ ഇറക്കിവിട്ട് ക്രമസമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Opposition leader VD Satheesan alleges systematic violence by CPM in Kannur., Specific incidents reported in Payyannur, Mayyil, and Taliparamba., Allegations of primitive attack tactics like using itching powder in Dharmadom., Demand for Election Commission and Police intervention to ensure peaceful 2026 elections.