വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു; വിവാദം

കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു. ദേശഭക്തിഗാനം എന്ന കുറിപ്പോടെ ദക്ഷിണ റെയില്‍വേ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനെതിരേ നിരവധി കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ പരിപാടികളെ ആര്‍എസ്എസ് വത്കരിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വന്ദേഭാരത് ഉദ്ഘാടന പരിപാടിയില്‍ വിദ്യാര്‍ഥികളേക്കൊണ്ട് ഗണഗീതം പാടിച്ചത്. ഉദ്ഘാടന യാത്രയില്‍ കുട്ടികളെയും പങ്കെടുപ്പിച്ചിരുന്നു. ഇതില്‍പ്പെട്ട കുട്ടികളാണ് ഗണഗീതം പാടിയതെന്നാണ് സൂചന. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദക്ഷിണ റെയില്‍വേ ഈ ദൃശ്യം പുറത്തുവിട്ടത്.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. വര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.