വടക്കാഞ്ചേരി കോഴ വിവാദം; ആ 50 ലക്ഷം കരുവന്നൂരിലെ തൊണ്ടിമുതലോ? ആരോപണവുമായി നേതാക്കൾ

#ന്യൂസ് ഡെസ്ക്
ഇ.യു. ജാഫർ
ഇ.യു. ജാഫർ

തൃശ്ശൂർ: ഇ.യു. ജാഫറിന് സിപിഎം വാഗ്ദാനംചെയ്ത 50 ലക്ഷം രൂപ കരുവന്നൂരിലെ തൊണ്ടിമുതലാണോയെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. കരുവന്നൂർ കേസിൽ ഉൾപ്പെട്ടവർ ഈ ഡീലിന്റെ ഭാഗമാണ്.

വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിക്കും വടക്കാഞ്ചേരിക്കാരനായ സിപിഎം നേതാവും എംഎൽഎയുമായ എ.സി. മൊയ്തീനും ഈ കോഴവാഗ്ദാനവുമായി ബന്ധമുണ്ട്. ജാഫറിന്റെ ഫോണിലെ കോൾപ്പട്ടിക പരിശോധിച്ചാൽ ഇക്കാര്യങ്ങൾക്ക് വ്യക്തത വരും.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. നഫീസയാണ് ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയായി ഇവരുടെ പേര് വന്നിരുന്നില്ല. കെ.വി. നഫീസയുടെ പേര് വന്നതും പിന്നീട് നടന്ന കാര്യങ്ങളും ചേർത്തുവായിക്കുമ്പോൾ സിപിഎം ഉന്നതനേതൃത്വം അറിയാതെ ഇത്തരം ഡീൽ നടക്കില്ലെന്ന് വ്യക്തമാണ്. ഉത്തരേന്ത്യയിലെ വിലയ്ക്കുവാങ്ങൽ രാഷ്ട്രീയത്തെ വിമർശിക്കുന്നവർത്തന്നെയാണ് കേരളത്തിലും ഇത്തരം രീതികൾ അവലംബിക്കുന്നതെന്നും ഒ.ജെ. ജനീഷ് കുറ്റപ്പെടുത്തി.

എൽഡിഎഫിന്റെ ചാക്കിട്ടു പിടിത്തം - ജോസഫ് ടാജറ്റ്

ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനംചെയ്ത സംഭവത്തിന് പിന്നിൽ എൽഡിഎഫിന്റെ ചാക്കിട്ടുപിടിത്തമാണെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. മറ്റത്തൂരിൽ സംഭവിച്ചത് സമാന കുതിരക്കച്ചവടമാണ്. കോൺഗ്രസ് വിമതൻ കെ.ആർ. ഔസേപ്പിനെ പണംകൊടുത്ത് വശത്താക്കിയതിനെതിരേ അന്വേഷണം വേണം. കുതിരക്കച്ചവടം പുറത്തുവന്ന സാഹചര്യത്തിൽ എൽഡിഎഫ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കണം. ബിജെപി സഖ്യമുണ്ടാക്കിയ കോൺഗ്രസ് അംഗങ്ങളെയും നേതാക്കളെയും കോൺഗ്രസിൽനിന്നു പുറത്താക്കിയതുപോലെ അഴിമതി നടത്തിയ നേതാക്കളെ എൽഡിഎഫ് പുറത്താക്കുമോ?

ത്രിതലപഞ്ചായത്തുഭരണം നിരന്തരം കൈയടക്കിവെച്ച് അഴിമതി നടത്തുക എന്ന സിപിഎമ്മിന്റെ നീക്കമാണ് വെളിപ്പെട്ടത്. ജില്ലാനേതൃത്വം പ്രതികരിക്കുന്നതിനുമുൻപുതന്നെ വിവാദത്തിനെതിരേ എം.വി. ഗോവിന്ദൻ രംഗത്തുവന്നത് ഇതിന് അടിവരയിടുകയാണെന്നും ടാജറ്റ് ആരോപിച്ചു.

നുണപരിശോധനനടത്തണം -ലീഗ്

ഇ.യു. ജാഫർ പാർട്ടി അംഗവും മികച്ച പ്രവർത്തകനുമായിരുന്നെന്നും ഇത്തരത്തിലൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്. ജാഫറിന്റെ വാദമൊന്നും ഒട്ടും വിശ്വസനീയമല്ല. വോട്ടുചെയ്തപ്പോൾ തെറ്റുപറ്റിയെന്ന വാദം അംഗീകരിക്കാനേയാകില്ല. ജാഫറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. സിപിഎമ്മിന്റെ ഉറച്ച സീറ്റിൽനിന്നാണ് ലീഗ് സ്വതന്ത്രനായി ജാഫർ ജയിച്ചുകയറിയത്. എന്നിട്ടും ജനങ്ങളെ വഞ്ചിച്ചു. അതിനാലാണ് അംഗത്വം രാജിവെപ്പിച്ചത് -മുഹമ്മദ് റഷീദ് വിശദീകരിച്ചു.

Content Highlights: Youth Congress questions if Rs 50 lakh offered to IU Jafar is from Karuvanur funds. Allegations link Vadakkencherry MLA, CPM leader, and a deal. Investigation demanded.