‘അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ’- നിയമസഭയിലെ അതിക്രമം ന്യായീകരിച്ച് മന്ത്രി വി. ശിവൻകുട്ടി

#സ്വന്തം ലേഖകൻ
v sivankutty
v sivankutty

തിരുവനന്തപുരം: വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ചുമതല ഉണ്ടെന്നതിനാലാണ്, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി വി. ശിവൻകുട്ടി. എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണ്ട് നിയമസഭയുടെ മേശപ്പുറത്തുകയറി അലങ്കോലമുണ്ടാക്കിയയാളാണ് ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ’നിയമസഭയ്ക്കുള്ളിൽ ഒരുതവണ ഒരു പ്രശ്‌നമുണ്ടായി. എല്ലാവർക്കും അറിയാം. അതു ശരിതന്നെ. അതൊരു സാഹചര്യമനുസരിച്ചായിരുന്നു. നമ്മുടെ പ്രസ്ഥാനത്തെ വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്ന കാര്യം ഉറപ്പാണല്ലോ’- മന്ത്രി പറഞ്ഞു.

പാഠപുസ്തകത്തിൽ തോന്ന്യാസം എഴുതി വെക്കുകയാണ് എൻ.സി.ഇ.ആർ.ടി.. വൈകിയാണെങ്കിലും കോടതി ഇടപെട്ടു. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗൾഭരണവുമൊക്കെ അവർ വക്രീകരിച്ച് അച്ചടിച്ചപ്പോൾ ബദൽ പുസ്തകമിറക്കിയ സംസ്ഥാനം കേരളം മാത്രമാണ്. ഉന്നതവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ആസൂത്രിതശ്രമം ചെറുക്കണമെന്നും മന്ത്രി പറഞ്ഞു.

എ.കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് എ. നിശാന്ത് അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം ജനറൽ സെക്രട്ടറി പി.ബി.പ്രിൻസ് ഗജേന്ദ്ര ബാബു, മുൻ മന്ത്രി എം.വിജയകുമാർ, വി.ജോയ് എം.എൽ.എ. തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Minister V. Sivankutty justifies his past actions in the legislative assembly as a duty to his political movement., He accuses the NCERT of distorting history regarding events like the Gandhi assassination and Gujarat riots., Kerala is highlighted as the only state to have published alternative textbooks in response., The minister calls for resistance against the 'saffronisation' of higher education.