ജ്യോതി മല്‍ഹോത്ര വന്നത് ഞാൻ വിളിച്ചിട്ടല്ല- വന്ദേഭാരത് വ്‌ളോഗില്‍ വിശദീകരണവുമായി വി. മുരളീധരന്‍

Photo: Screengrab/ youtube.com/@TravelwithJo, mathrubhumi archives
Photo: Screengrab/ youtube.com/@TravelwithJo, mathrubhumi archives

ബെംഗളൂരു: ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് വിഷയത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാനെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. താന്‍ ക്ഷണിച്ചിട്ടല്ല അവര്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ടൂറിസംവകുപ്പ് ജ്യോതി മല്‍ഹോത്രയെ പണംകൊടുത്ത് കൊണ്ടുവന്നു എന്ന വിവരം പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ നിരവധി ആളുകള്‍ തന്റെ പ്രതികരണം എടുത്തു. അതിലൊരാള്‍ മാത്രമാണ് ഈ വ്‌ളോഗര്‍ എന്ന് മുരളീധരന്‍ വിശദീകരിച്ചു.

എന്തുനടപടിക്രമം പാലിച്ചാണ് ചാരവനിതയെ കൊണ്ടുവന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണം. സര്‍ക്കാര്‍ നല്‍കേണ്ട മറുപടികളില്‍നിന്ന് ഒളിച്ചോടാന്‍ പുതിയ വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിലാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

2023 ഏപ്രില്‍ 25-ന് നടന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെ പകര്‍ത്തിയ ജ്യോതിയുടെ വ്ളോഗിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിജെപി നേതാവും റെയില്‍വേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യമുള്ളത്. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും അദ്ദേഹം മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Content Highlights: Former Union Minister V. Muraleedharan clarifies his presence in Jyothi`s Vande Bharat vlog