യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

#ന്യൂസ് ഡെസ്ക്
ജാസ്മിന്‍ ഷാ(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
ജാസ്മിന്‍ ഷാ(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സംസ്ഥാനത്ത് നഴ്സുമാരുടെ സമരം രൂക്ഷമായിരിക്കേ, അവരുടെ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയുമുൾപ്പെടെ നാലുപേരുടെ 1.44 കോടി രൂപ മൂല്യമുള്ള സ്ഥാവരജംഗമവസ്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) ഫണ്ട് വകമാറ്റിച്ചെലവഴിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി. നടപടി.

എം. ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, യു.എൻ.എ. ഭാരവാഹികളായിരുന്ന ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുള്ള അഞ്ച് സ്ഥാവരസ്വത്തുക്കളും നാല് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഭൂമി, ഫ്‌ലാറ്റ് എന്നിവയും ഇതിൽ ഉൾപ്പെടും.

യു.എൻ.എ.യിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത എഫ്.ഐ.ആറിന്റെയും തുടർന്ന് തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം. യു.എൻ.എ. മുൻ ദേശീയ പ്രസിഡന്റ് എം. ജാസ്മിൻ ഷാ, എം.എ. ഷബ്‌ന, ഭാരവാഹികളായ ഷോബി ജോസഫ്, നിധിൻ മോഹൻ, പി.ഡി. ജിത്തു, എ.കെ. സുജനപാൽ, ബിബിൻ എൻ. പോൾ, എം.വി. സുദീപ് എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കേ ജാസ്മിൻ ഷാ ഭാര്യയുമായും മറ്റു ഭാരവാഹികളുമായും ചേർന്ന് സംഘടനയുടെ അംഗത്വവരിസംഖ്യയും ഫണ്ടും വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. സംഘടനയുടെ ഫണ്ട് ബാങ്കിൽനിന്ന് കറൻസിയായി പിൻവലിക്കുകയും കുറച്ചുഭാഗം അക്കൗണ്ട് ട്രാൻസ്ഫറായി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളാറ്റിന്റെയും വാഹനത്തിന്റെയും പലിശയടവിന് ഈ പണം ഉപയോഗിച്ചു. ഇവ സംഘടനയ്ക്കുവേണ്ടിയുള്ള ചെലവുകളാണെന്ന് കാണിക്കാൻ വ്യാജകമ്മിറ്റി മിനിറ്റ്സുകളും ഉണ്ടാക്കി. ഏകദേശം 1.44 കോടി രൂപയുടെ തട്ടിപ്പുനടന്നതായാണ് കണ്ടെത്തൽ.

Content Highlights: Enforcement Directorate attached assets worth Rs 1.44 crore., The case involves money laundering through the United Nurses Association (UNA)., Assets seized include land, flats, and fixed deposits across Kerala., Allegations include fund diversion and creation of fake committee minutes.