മുനീർ, ജോസഫ്, കാപ്പൻ, ദേവരാജൻ; ഇവർക്ക്‌ കാബിനറ്റ് റാങ്കിനായി കക്ഷികൾ, പരിഗണിക്കാമെന്ന് UDF

#അനിഷ് ജേക്കബ്
പി.കെ.കുഞ്ഞാലിക്കുട്ടി, വി.ഡി.സതീശന്‍, സണ്ണി ജോസഫ്‌
പി.കെ.കുഞ്ഞാലിക്കുട്ടി, വി.ഡി.സതീശന്‍, സണ്ണി ജോസഫ്‌

തിരുവനന്തപുരം: കാബിനറ്റ് റാങ്കുള്ള പദവികൾ ആവശ്യപ്പെട്ട് യു.ഡി.എഫ്. ഘടകകക്ഷികൾ. നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത മുതിർന്ന നേതാക്കൾക്കായാണ് കാബിനറ്റ് റാങ്ക് പദവി ആവശ്യം നേതൃയോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

മുതിർന്ന നേതാവ് പി.ജെ. ജോസഫിനായാണ് കേരള കോൺഗ്രസ് കാബിനറ്റ് റാങ്കുള്ള പദവി ചോദിക്കുന്നത്. മന്ത്രിസഭാ രൂപവത്കരണ സമയത്ത് രണ്ടു മന്ത്രിസ്ഥാനം ചോദിച്ച അവർക്ക് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് പദവിയുമാണ് നൽകിയത്.

പി.ജെ. ജോസഫിനായി വയോജന കമ്മിഷൻ ചെയർമാൻസ്ഥാനമാണ് ചോദിക്കുന്നതെന്നാണ് സൂചന. മത്സരരംഗത്തുനിന്നു മാറിനിന്ന എം.കെ. മുനീറിനായി മുസ്‌ലിം ലീഗും കാബിനറ്റ് റാങ്ക് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാൻസ്ഥാനത്തോടാണ് ലീഗിന് താത്പര്യം. അഞ്ചു മന്ത്രിസ്ഥാനം ലീഗിന് നൽകിയതിനാൽ വീണ്ടും ഒരു കാബിനറ്റ് പദവി നൽകുമോയെന്നകാര്യത്തിൽ വ്യക്തതയില്ല.

മന്ത്രിസ്ഥാനം ലഭിക്കാത്ത ഏകഘടകകക്ഷി നേതാവായ മാണി സി. കാപ്പന് നോർക്ക വൈസ് ചെയർമാൻസ്ഥാനമാണ് പരിഗണനയിലുള്ളത്. അനൂപ് ജേക്കബുമായി രണ്ടരവർഷം മന്ത്രിസ്ഥാനം കാപ്പൻ പങ്കിടണമെന്നാണ് മുന്നണിധാരണ. മത്സരിക്കാൻ സീറ്റു ലഭിക്കാതിരുന്ന ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജന് ഡൽഹിയിൽ സംസ്ഥാനസർക്കാരിന്റെ പ്രത്യേക പ്രതിനിധിപദവി നൽകിയേക്കും.

വ്യാഴാഴ്ച ചേർന്ന മുന്നണി നേതൃയോഗത്തിൽ മാണി സി. കാപ്പന്റെയും ദേവരാജന്റെയും കാര്യത്തിൽ നേരത്തേ നൽകിയ ഉറപ്പ് ഓർമ്മിപ്പിച്ചു. തുടർന്നാണ് വൈകാതെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയത്.

പി.എം.ശ്രീ കാര്യത്തിൽ കേന്ദ്ര ഫണ്ട് ഉപയോഗപ്രദമാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചതും മുഖ്യമന്ത്രിതന്നെയാണ്. അതിനെ ആരും എതിർത്തില്ല. വീര്യംകുറഞ്ഞ മദ്യത്തിന്റെകാര്യത്തിൽ മാത്രമല്ല, മദ്യനയംതന്നെ രൂപവത്കരിക്കണമെന്നും അതിനായി ഘടകകക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉപസമിതിയെന്ന നിർദേശം മുന്നോട്ടുവെച്ചതും മുഖ്യമന്ത്രിയാണ്. അതും യോഗം അംഗീകരിച്ചു.

രണ്ടാം ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങളാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഭവനരഹിതർക്ക് വീട് മാത്രമല്ല, അതിന് സ്ഥലമില്ലാത്തവർക്ക് കൃഷിചെയ്യാനുള്ള ഭൂമിയടക്കം ലഭിക്കണം. സ്വകാര്യനിക്ഷേപത്തിന് ധാരാളംപേർ മുന്നോട്ടുവരുന്നുണ്ട്.

അവർക്ക് വ്യവസായ ആവശ്യത്തിനായി ഭൂമിനൽകണം. ഇക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്യാനാണ് മുഴുദിവസം യു.ഡി.എഫ്. യോഗം നിശ്ചയിച്ചത്. നയപരമായ കാര്യങ്ങൾ മുന്നണിയോഗത്തിൽ ചർച്ചചെയ്തശേഷമേ സർക്കാരിലേക്ക് വരൂ എന്ന ഉറപ്പും മുഖ്യമന്ത്രി നൽകി. മാസത്തിൽ ഒരുതവണയെങ്കിലും മുന്നണിയോഗം ചേരാൻ തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

മുൻസർക്കാർ രാഷ്ട്രീയത്തിന്റെപേരിൽ വൈരനിര്യാതനബുദ്ധിയോടെ യു.ഡി.എഫ്. പ്രവർത്തകർക്കെതിരേ എടുത്ത കേസുകളുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല യോഗത്തെ അറിയിച്ചു.

Content Highlights: UDF allies are demanding cabinet-rank positions for senior leaders who missed out on ministerial posts. Specific roles under consideration include Chairman of Elderly Commission and NORKA Vice Chairman. CM assured decisions regarding Mani C. Kappan and G. Devarajan. Agreement reached to form a sub-committee for liquor policy and land reform discussions. Monthly UDF leadership meetings established for policy coordination.