15,000 സീറ്റുകൾ, എത്തിയത് 60000-ത്തിലധികം പേർ! ആവേശത്തിര, ജനപ്രളയം; ക്രമീകരണം പാളി

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാൻ പ്രതീക്ഷിച്ചതിനെക്കാൾ പ്രവർത്തകർ എത്തിയതോടെ സ്റ്റേഡിയത്തിനുള്ളിൽ തിക്കും തിരക്കുമായി. ജനം തിങ്ങിനിറഞ്ഞതോടെ ഒട്ടേറേപ്പേർ കുഴഞ്ഞുവീണു.
മുപ്പതിലേറെപ്പേരെ ആംബുലൻസിൽ ആശുപത്രിയിലേക്കുമാറ്റി. എന്നാൽ, ആർക്കും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സദസ്സിൽ 15,000-ത്തോളം സീറ്റുകളാണ് ഒരുക്കിയിരുന്നതെങ്കിലും 60,000 പേരാണ് സ്റ്റേഡിയത്തിലേക്ക് കടന്നതെന്നാണ് ഏകദേശകണക്ക്. ആവേശം പങ്കിടാനെത്തിയ ജനസാഗരത്തിനുമുന്നിൽ ക്രമീകരണമെല്ലാം പാളി.
പുലർച്ചെമുതൽ സ്റ്റേഡിയത്തിനുചുറ്റും പ്രവർത്തകർ തിങ്ങിക്കൂടി. പ്രവേശനം തുടങ്ങി അരമണിക്കൂറിനുള്ളിൽത്തന്നെ സദസ്സ് നിറഞ്ഞു. ഇതോടെ ഗേറ്റുകളിൽ തർക്കവും ഉന്തുംതള്ളുമായി. സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിനുസമീപത്തെ ബാരിക്കേഡിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു. പാസുള്ളവരും ഇല്ലാത്തവരുമെല്ലാം അകത്തേക്ക് തള്ളിക്കടന്നു. പ്രവർത്തകരും പോലീസുമായി കൈയാങ്കളിയുടെ വക്കിലെത്തി.
വി.ഐ.പി.കളടക്കമുള്ള അതിഥികളുടെ വാഹനത്തിനുപിന്നാലെ ജനക്കൂട്ടം പാഞ്ഞതും സുരക്ഷാവീഴ്ചയായി. വി.ഐ.പി.കൾക്കും വി.വി.ഐ.പി.കൾക്കും വേണ്ടി സദസ്സിൽ ഒരുക്കിയിരുന്ന കസേരകളെല്ലാം പ്രവർത്തകർ കൈയടക്കി. ഇതോടെ എം.പി.മാരും എം.എൽ.എ.മാരുമെല്ലാം പുറത്തായി.
പുതിയ എം.എൽ.എ.മാരെ പോലീസുകാർക്ക് പരിചിതമല്ലാത്തതും വിനയായി. കന്റോൺമെന്റ് ഗേറ്റിനുസമീപത്തെ ബാരിക്കേഡിനുമുന്നിൽ ‘ഞാനൊരു എം.എൽ.എ.യാണ്, ഒന്നുകടത്തിവിടൂ’ എന്നൊരു വിലാപവും കേട്ടു.
സണ്ണി ജോസഫ്, റോജി എം. ജോൺ, ഷിബു ബേബിജോൺ, കെ.എം.ഷാജി തുടങ്ങിയവരൊക്കെ വാഹനത്തിരക്ക് ഒഴിവാക്കാൻ കാൽനടക്കാരായി. മുൻ ഡി.ജി.പി. രമൺ ശ്രീവാസ്തവയടക്കം പല അതിഥികളും തിരക്കിനിടയിൽ നിൽക്കാനാവാതെ മടങ്ങി.
പ്രമുഖ ദേശീയനേതാവിനുള്ള കസേരയിൽ എഴുതിവെച്ച പേര് ഇളക്കിമാറ്റി ഒരാൾ ഇരിപ്പുറപ്പിക്കുന്നതും കണ്ടു.
Content Highlights: Over 60,000 workers swarmed the Central Stadium for the UDF government's swearing-in ceremony, overwhelming the 15,000-seat arrangement, causing barricades to collapse, and forcing several newly elected MLAs and VIPs to stand outside as supporters occupied their designated seats.