മെസിയുടെ വരവ്: സാക്ഷിയായാണ് ഒപ്പിട്ടത്, അതും ഡിജിറ്റലായി; സ്പോർട്സ് കൗൺസിലുമായി ബന്ധമില്ല- യു. ഷറഫലി

#സ്വന്തം ലേഖകന്‍

കോഴിക്കോട്: അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ സാക്ഷിയായിട്ടാണ് ഒപ്പിട്ടതെന്നും സ്പോർട്സ് കൗൺസിലുമായി ഒരു ബന്ധവുമില്ലെന്നും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ ഭാഗത്തെ സാക്ഷിയായിരുന്നു താനെന്നും ഡിജിറ്റലായിട്ടാണ് ഒപ്പിട്ടതെന്നും ഷറഫലി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

'കരാർ പൂർണമായും സുതാര്യമാണ്. ആർബിഐയുടെ അനുമതിയോടെ തന്നെയാണ് എല്ലാ നടപടികളുമുണ്ടായത്. അതിൽ സംസ്ഥാന സർക്കാരിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.' എന്നും ഷറഫലി പറഞ്ഞു.

'കരാറിന്റെ രേഖകളെല്ലാം കഴിഞ്ഞദിവസം തന്നെ സ്പോൺസർമാർ പുറത്തുവിട്ടതാണ്. പിന്നെയെങ്ങനെയാണ് കരാറില്ലെന്ന് പറയാൻ കഴിയുക. ടെൻഡർ വിളിച്ച് കരാർ കൊടുക്കാൻ ഇത് ഏതെങ്കിലും സാധനങ്ങൾ വാങ്ങിക്കുന്നതല്ല.' വിവാദങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

'കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്താണ് ഇപ്പോൾ വിജിലൻസ് അന്വേഷണമടക്കം ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് തന്നെ അവിടെയും ഇവിടെയും തട്ടാതെയുള്ള റിപ്പോർട്ടാണ്. റിപ്പോർട്ടിൽ പലയിടത്തും ചീഫ് സെക്രട്ടറി ജയാതിലകിനെതിരെ പരാമർശമുണ്ട്. ഇത് പരിശോധിച്ചാൽ തന്നെ ആരെ ലക്ഷ്യമിട്ടുള്ള റിപ്പോർട്ട് ആണെന്ന് വ്യക്തമാവും.' ഷറഫലി പറഞ്ഞു. 

Content Highlights: U Sharaf Ali stated he signed as a witness and the Sports Council has no direct involvement. Confirmed that the contract is completely transparent and processed with RBI approval. Stated that the state government incurred no financial loss. Criticized the vigilance inquiry report requested by Special Secretary N. Prashanth.