സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും

Photo: Mathrubhumi
Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുന്‍പ് ശനിയാഴ്ച, പ്രവൃത്തിദിവസമായിരുന്നു. ഐ.ടി.ഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസമാണ് ആര്‍ത്തവ അവധിയായി അനുവദിച്ചിട്ടുള്ളത്.

ഐ.ടി.ഐ. ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിച്ച പശ്ചാത്തലത്തില്‍, പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി ഐ.ടി.ഐ. ഷിഫ്റ്റുകള്‍ പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെയുമാണ്. 

ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിങ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ഈ ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐ.ടി.ഐകളിലെ വനിതാ ട്രെയിനികള്‍ക്ക് രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: two days of menstrual leave and saturday holiday in iti