ആദ്യ വി.സി.യാകാൻ ക്ഷണിച്ചത് ഐൻസ്റ്റൈനെ, കേരളത്തേക്കാൾ മുൻപ് 'കേരള'; ട്രാവൻകൂർ സർവകലാശാല നവതിയിലേക്ക്

തിരുവനന്തപുരം: കേരളം പിറക്കുംമുമ്പ്, തലമുറകൾക്ക് വിദ്യാഭ്യാസ, സാംസ്കാരിക ഔന്നത്യവും മൂല്യങ്ങളും പകർന്നുകൊടുക്കാൻ ഒരു സർവകലാശാല ഇവിടെ ജനിച്ചിരുന്നു-ട്രാവൻകൂർ യൂണിവേഴ്സിറ്റി. കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ ട്രാവൻകൂർ യൂണിവേഴ്സിറ്റി (ഇന്നത്തെ കേരള സർവകലാശാല) നവംബർ ഒന്നിന് 90-ാം വയസ്സിലേക്ക് കടക്കുന്നു.
1937 നവംബർ ഒന്നിന് ചിത്തിരത്തിരുനാൾ മഹാരാജാവാണ് സർവകലാശാലയ്ക്ക് തുടക്കം കുറിച്ചത്. രാജാവിന്റെ 26-ാം പിറന്നാൾ ദിനത്തിലായിരുന്നു യൂണിവേഴ്സിറ്റിയുടെ പിറവി. അന്നത്തെ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നിശ്ചയദാർഢ്യവും യൂണിവേഴ്സിറ്റിയുടെ പിറവിക്ക് കാരണമായി.
1834-ൽ സ്വാതി തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ ആരംഭിച്ച മഹാരാജാസ് ഫ്രീ സ്കൂളിൽനിന്നാണ് യൂണിവേഴ്സിറ്റിയുടെ തുടക്കം. 1866-ൽ ഇത് മദ്രാസ് സർവകലാശാലയ്ക്കുകീഴിൽ മഹാരാജാസ് കോളേജായി മാറി. തിരുവിതാംകൂറിന് ഒരു സർവകലാശാല വേണമെന്ന ആശയം ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്തുതന്നെ ഉണ്ടായിരുന്നു. അതിനായി ഒരു കമ്മിഷനെയും നിയമിച്ചിരുന്നു. മഹാരാജാസ് കോളേജിലെ ആദ്യത്തെ ഇന്ത്യാക്കാരനായ പ്രിൻസിപ്പൽ കേരളപാണിനി എ.ആർ. രാജരാജവർമയുടെ ശ്രമവും ഇതിനുണ്ടായിരുന്നു. എന്നാൽ, മദ്രാസ് സർക്കാരിന്റെ എതിർപ്പുമൂലം നടന്നില്ല. മലബാറിലെയും കൊച്ചിയിലെയും കോളേജുകളെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിലനിർത്തിക്കൊണ്ടാണ് ട്രാവൻകൂർ യൂണിവേഴ്സിറ്റി രൂപവത്കരിച്ചത്.
പാളയത്തെ പട്ടാളമേധാവിയുടെ ഒഴിഞ്ഞ ബംഗ്ലാവിലാണ് ഓഫീസ് പ്രവർത്തിച്ചത്. ചിത്തിരത്തിരുനാളായിരുന്നു ആദ്യ ചാൻസലർ. വൈസ് ചാൻസലറായി പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈനിനെ സി.പി. ക്ഷണിച്ചിരുന്നു. അദ്ദേഹം തയ്യാറാകാത്തതിനാൽ സി.പി. ആദ്യത്തെ വൈസ് ചാൻസലറായി.
ഇന്ത്യയിലെ 16-ാമത്തെയും നാട്ടുരാജ്യങ്ങളിൽ മൂന്നാമത്തെയും സർവകലാശാലയായിരുന്നു തിരുവിതാംകൂർ. തിരു-കൊച്ചി രൂപവത്കരിച്ചപ്പോൾ തിരു-കൊച്ചി സർവകലാശാലയായി. 1956-ൽ കേരളപ്പിറവിക്ക് പിന്നാലെയാണ് കേരള സർവകലാശാലയായി മാറിയത്. 150-ഓളം കോളേജുകൾ സർവകലാശാലയ്ക്ക് കീഴിലുണ്ട്. തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജാണ് പ്രധാനവും തലയെടുപ്പുമുള്ള വിദ്യാലയം.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ, ശാസ്ത്രജ്ഞരായ എം.എസ്. സ്വാമിനാഥൻ, ജി. മാധവൻനായർ, കവികളായ ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, പ്രസിദ്ധ പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ടി.ജെ.എസ്. ജോർജ്, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ഫാത്തിമാബീവി, ചരിത്രകാരനായ എം.ജി.എസ്. നാരായണൻ, നടന്മാരായ മധു, മോഹൻലാൽ തുടങ്ങിയവർ കേരളയിലെ പൂർവവിദ്യാർഥികളാണ്.
Content Highlights: Travancore University, now Kerala University, marks its 90th anniversary on November 1., Founded on November 1, 1937, by Chithira Thirunal Balarama Varma with the efforts of Diwan C.P. Ramaswamy Iyer., Albert Einstein was initially invited to be the first Vice-Chancellor., Produced eminent alumni including K.R. Narayanan, M.S. Swaminathan, ONV Kurup, and Mohanlal.