ഒന്നുകിൽ ടോയ്ലെറ്റിനരികിൽ, അല്ലെങ്കിൽ വേസ്റ്റ് കൊട്ടയ്ക്കടുത്ത്; എങ്ങനെ കഴിക്കും തീവണ്ടിയിലെ ചായയും കടിയും?

#പി.പി. ലിബീഷ് കുമാര്‍
ചായപ്പാത്രം മാലിന്യക്കൊട്ടയ്ക്കരികിലും ശൗചാലയത്തിനരികിലും വെച്ചനിലയില്‍. ശനിയാഴ്ച രാവിലെ തിരുവനന്തപുരം-മംഗളുരു എക്സ്പ്ര‌സില്‍നിന്നുള്ള കാഴ്ച
ചായപ്പാത്രം മാലിന്യക്കൊട്ടയ്ക്കരികിലും ശൗചാലയത്തിനരികിലും വെച്ചനിലയില്‍. ശനിയാഴ്ച രാവിലെ തിരുവനന്തപുരം-മംഗളുരു എക്സ്പ്ര‌സില്‍നിന്നുള്ള കാഴ്ച

പയ്യന്നൂർ: ചായ നിറച്ച പാത്രം വെക്കുന്ന സ്ഥലം കണ്ടാൽ തീവണ്ടിയിലെ ചായ ആരും കുടിക്കില്ല. ഒന്നുകിൽ ശൗചാലയത്തിനരികെ, അല്ലെങ്കിൽ കോച്ചിലെ മാലിന്യക്കൊട്ടയ്ക്കരികിൽ. തുറന്നുവെച്ച പാത്രവുമായി തിരക്കിലൂടെയുള്ള ലഘുഭക്ഷണ വില്പന ചോദ്യംചെയ്ത യാത്രക്കാരുടെ മുന്നിലാണ് വീണ്ടും ഈ കാഴ്ചകൾ.

ശനിയാഴ്ച രാവിലെ തിരുവനന്തപുരം-മംഗളുരു എക്‌സ്പ്രസിൽ (16347) മോശമായ അവസ്ഥയിൽ ചായപ്പാത്രവും മറ്റും വെച്ചത് യാത്രക്കാർ ചോദ്യം ചെയ്തിരുന്നു. ഭൂരിഭാഗവും മറുനാട്ടുകാരായ വില്പനക്കാരാണ്.

തീവണ്ടികളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ കൂട്ടാൻ ഐ.ആർ.സി.ടി.സി. പല പദ്ധതികളും കൊണ്ടുവരുന്നുണ്ട്. എന്നാൽ ഇത് വന്ദേഭാരത് ഉൾപ്പെടെ പ്രീമിയം വണ്ടികളിലാണ് നടപ്പാകുന്നത്. പല എക്‌സ്പ്രസ്, പാസഞ്ചർ വണ്ടികളിലും ടിഷ്യൂപേപ്പറോ, പ്ലക്കറോ ഇല്ലാതെയാണ് ആഹാരവിതരണം. ആഹാരസാധനങ്ങളിൽ ഉമിനീർ കലരാനുള്ള സാധ്യത ഒഴിവാക്കാൻ നിർബന്ധമായും വില്പനക്കാർ മാസ്‌ക് ധരിക്കണമെന്നതും പാലിക്കുന്നില്ല.

ഭക്ഷ്യസുരക്ഷയ്ക്ക് 'ഇൻചാർജ് '

കേരളത്തിലെ തീവണ്ടികളിലെ ഭക്ഷ്യസുരക്ഷയുടെ മേൽനോട്ടത്തിന് റെയിൽവേക്കുള്ളത് രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർ മാത്രമാണ്. നിലവിൽ പാലക്കാട് ഡിവിഷനിൽ ഓഫീസറില്ല. സേലം ഡിവിഷനിലെ ഉദ്യോഗസ്ഥനാണ് ചുമതല. ഒരു ഡിവിഷനിൽ രണ്ടുഉദ്യോഗസ്ഥർ വേണമെന്ന ശുപാർശ നിലവിലുണ്ട്. പക്ഷെ, നിയമിച്ചിട്ടില്ല.

മംഗളൂരുമുതൽ പാലക്കാടുവരെ (330 കി.മീ.) ഇരുനൂറോളം ഭക്ഷണസ്റ്റാളുകളും തീവണ്ടി സർവീസുമുണ്ട്. ഇവയിലെ ആരോഗ്യസുരക്ഷയും ഭക്ഷണ ഗുണനിലവാരവും പരിശോധിക്കാനുള്ള മേൽനോട്ടം ഈ ഒരു ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ തീവണ്ടികളിലെ ആഹാരവിതരണക്കാരെ 'വൃത്തിയാക്കാൻ' റെയിൽവേക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Content Highlights: Tea containers on trains are often kept near toilets or garbage bins., Lack of proper hygiene standards and face masks by vendors during food service., Severe shortage of food safety officers in Kerala railway divisions., Over 200 food stalls and train services managed by a single officer from Mangaluru to Palakkad.