‘എക്സിറ്റ് പോൾ തള്ളിക്കളയുന്നു; LDF വരും, ഞാനും ജയിക്കും, പാർട്ടിക്ക് സ്വന്തം വിശകലനമുണ്ട്’-ടി.പി.

#സ്വന്തം ലേഖകൻ
ടിപി രാമകൃഷ്ണന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ബിജുവര്‍ഗീസ്/ മാതൃഭൂമി
ടിപി രാമകൃഷ്ണന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ബിജുവര്‍ഗീസ്/ മാതൃഭൂമി

കോഴിക്കോട്: എക്സിറ്റ് പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും അന്ന് ഷൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നു. ഇത്തവണത്തേത് സ്വീകരിക്കാനാവില്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ഇത് യാഥാർഥ്യത്തിൽനിന്ന് വ്യത്യസ്തമാണെന്നും ടി.പി. രാമകൃഷ്ണൻ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. എല്ലാം മാധ്യമ സൃഷ്ടിമാത്രമാണ്. എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണ്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് തീർച്ചയാണ്. എത്ര സീറ്റ് എൽ.ഡി.എഫിനെന്ന് പ്രവചിക്കാൻ താനില്ലെന്നും എൽ.ഡി.എഫ്. കൺവീനർ പറഞ്ഞു.

പാർട്ടിക്ക് ഒരു വിശകലനമുണ്ട്. അത് പുറത്ത് പറയാനാവില്ല. ഭരണമാറ്റം വേണമെന്ന് പറയുന്നവർ എന്തിന്റെ അടിസ്ഥാനത്തിൽ വേണം എന്നത് വിശദമാക്കണം. എക്‌സിറ്റ് പോൾ കണക്കുകൂട്ടലിൽ തെറ്റ് വരുമെന്നും അദ്ദേഹം പറഞ്ഞു.

ജയിക്കും മുൻപ് മുഖ്യമന്ത്രി ചർച്ച ജനാധിപത്യത്തെ അപമാനിക്കുന്നതാണ്. കോഴിക്കോട് എൽ.ഡി.എഫ്. മുന്നേറ്റമുണ്ടാക്കും. താനും ജയിക്കും. ന്യൂനപക്ഷ ഏകീകരണമുണ്ടായില്ല. ഇത്തരം ഒരു വിശകലനം തെറ്റാണെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Content Highlights: TP Ramakrishnan criticizes the reliability of exit polls based on past election inaccuracies