തീവണ്ടിയിൽനിന്ന് കുഞ്ഞുമായി കടന്നു; കരച്ചിൽകേട്ട് ഓട്ടോക്കാരുടെ സംശയം തുണയായി; പ്രതി പിടിയിൽ

പാലക്കാട് : അച്ഛനമ്മമാർക്കൊപ്പം തീവണ്ടിയിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെയും ഇടപെടലിൽ കുഞ്ഞിനെ രക്ഷിച്ചു. പ്രതി തമിഴ്നാട് ദിണ്ടിഗൽ പെരുമാൾപ്പെട്ടി വെട്രിവേൽ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാൾ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
ഒഡിഷയിൽനിന്ന് ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന റായ്ഗഢ് സ്വദേശികളായ മനസ് ദൻകാരിയുടെയും ഹമീസയുടെയും മകൾ താൻസികയെയാണ് വെട്രിവേൽ തട്ടിയെടുത്തത്. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പത്തുമണിക്കുശേഷമാണ് സംഭവം. യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയ ദമ്പതിമാരുടെ സമീപത്തുനിന്നാണ് ഇയാൾ കുട്ടിയെ എടുത്തത്. പിന്നീട് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങി.
സ്റ്റേഷന് മുന്നിലെത്തിയ ഇയാളുടെ കൈയിലുണ്ടായിരുന്ന കുട്ടി ഉച്ചത്തിൽ കരഞ്ഞു. സംശയംതോന്നിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വെട്രിവേലിനെ തടഞ്ഞുനിർത്തി വിവരംതിരക്കി. ഇതോടെയാണ് സംഭവം പുറത്താവുന്നത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് ഓട്ടോതൊഴിലാളികൾ പറഞ്ഞു. അവർ ഉടൻ ടൗൺ നോർത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വെട്രിവേലിനെയും കുട്ടിയെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.
വണ്ടി തൃശ്ശൂരെത്തിയപ്പോഴാണ് ദമ്പതിമാർ കുട്ടിയെ നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഉടൻ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാലക്കാട്ട് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇരുവരും പിന്നീട് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.ഒഡിഷയിൽനിന്ന് വ്യാഴാഴ്ചയാണ് ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ മനസ് ദൻകാരിയും ഹമീസയും ആലുവയിലേക്ക് പുറപ്പെട്ടത്. ആലുവയിൽ അലുമിനിയം പാത്രക്കമ്പനിയിലാണ് ജോലി. 11 വർഷമായി ഇവർ സ്ഥിരമായി ജോലിക്കായി കേരളത്തിലെത്തുന്നുണ്ട്. യാത്രയ്‌ക്കിടെ ഉറങ്ങി, എണീക്കുമ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ലെന്ന് ഹമീസ പറഞ്ഞു.
ടൗൺ നോർത്ത് സ്റ്റേഷൻ എഎസ്ഐ സജീവൻ, എസ്‌സിപിഒ ശബരി, ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, പ്രതിയെ റെയിൽവേപോലീസിന് കൈമാറി. വെട്രിവേലിനെ കോടതി റിമാൻഡ് ചെയ്തു. ദിണ്ടിഗൽ, സേലം എന്നിവിടങ്ങളിെല മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇവരാണ് ഹീറോസ്
പാലക്കാട് : കൈയിൽ കുഞ്ഞുമായി ദിണ്ടിക്കലിൽ പോകാനുള്ള വഴിചോദിച്ചാണ് യുവാവ് വന്നത്. മദ്യപിച്ചായിരുന്നു വരവ്. കണ്ടപ്പോൾ എന്തോ സംശയംതോന്നി. തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ കുട്ടി തന്റേയല്ലെന്ന് അയാൾ സമ്മതിച്ചു. കുട്ടിയുടെ കൈയിൽ മുറിവുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പതറി. അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ ഒറ്റയ്ക്കാണെന്ന് പറഞ്ഞു. ഇതിനിടെയാണ് കുട്ടി ഉണർന്നത്.
കുഞ്ഞിന്റെ നെറ്റിയിലെ വലിയപൊട്ട് കണ്ടപ്പോൾ സംശയം വർധിച്ചു. ഇന്നാട്ടിലെ കുഞ്ഞുങ്ങൾ ഇത്രയുംവലിയ പൊട്ട് തൊടാറില്ലല്ലോ. വീണ്ടും ചോദിച്ചപ്പോൾ കുഞ്ഞ് തന്റേതല്ലെന്നും അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് രക്ഷപ്പെടാനായി ശ്രമം. ഉടനെ പോലീസിനെ വിളിക്കുകയാണുണ്ടായത്. പോലീസെത്തുംമുമ്പ് കുട്ടിക്ക് പാലും ബിസ്കറ്റും വാങ്ങിനൽകിയിരുന്നു. പിന്നീടാണ് ഇവരെ കൊണ്ടുപോയത്.
എന്റെയൊപ്പം എച്ച്. അനീഷ്, എം. സന്തോഷ്, കെ. റിയാസ് എന്നിവരുമുണ്ടായിരുന്നു. ഞങ്ങളൊരുമിച്ചാണ് അയാളെ പിടികൂടിയതെന്ന ഓട്ടോറിക്ഷാ ഡ്രൈവർ കെ. റിനീഷുദീൻ പറഞ്ഞു.
മകളെ തിരിച്ചുകിട്ടിയആശ്വാസത്തിൽ മനസും ഹമീസയും
പാലക്കാട് : തീവണ്ടിയാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന കുഞ്ഞ് ഒപ്പമില്ലെന്ന് മനസ് ദൻകാരിയും ഹമീസയും അറിയുന്നത് വെള്ളിയാഴ്ചരാത്രി 11.30-ന്. പിറ്റേന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങുന്നതുവരെയുള്ള മണിക്കൂറുകൾ തള്ളിനീക്കിയത് എങ്ങനെയെന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന് ഹമീസ പറയുന്നു. തമിഴ്നാട് സ്വദേശിയായ യുവാവ് തട്ടിയെടുത്ത കുഞ്ഞിനെ ശനിയാഴ്ച രാവിലെ തിരികെ കിട്ടിയപ്പോൾ ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു അമ്മയുടെ മുഖത്ത്.
ഉറക്കത്തിലായിരുന്നതിനാൽ യാത്രയ്ക്കിടെ കുട്ടിയെ എവിടെവെച്ചാണ് നഷ്ടപ്പെട്ടതെന്നുപോലും ഹമീസയ്ക്ക് അറിയുമായിരുന്നില്ല. മലയാളം വശമില്ലാത്തതുകൊണ്ടുള്ള പ്രയാസം വേറെ. രാത്രി തൃശ്ശൂർ റെയിൽവേസ്റ്റേഷനിലിറങ്ങിയ ഇവർ അറിയാവുന്ന ഭാഷയിൽ ചുറ്റുമുള്ളവരോടെല്ലാം അന്വേഷിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥരെയും സമീപിച്ചു. തൃശ്ശൂരിലും പരിസരത്തും അന്വേഷണംനടത്തി. മണിക്കൂറുകൾ പിന്നിട്ടശേഷമാണ് പാലക്കാട്ടുനിന്ന് കുട്ടിയെ കിട്ടിയെന്ന വിവരം ലഭിച്ചത്.
ശനിയാഴ്ച രാവിലെ ഏഴോടെ ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ‘‘കുട്ടിക്ക് മാറാൻ വേറെ വസ്ത്രംപോലുമില്ല. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല...’’ ഹമീസ പറഞ്ഞു. കുഞ്ഞ് അപ്പോഴും നിർത്താതെ കരഞ്ഞു.
ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന ഇവരുടെ മകൾ താൻസികയെയാണ് ദിണ്ടിക്കൽ പെരുമാൾപ്പട്ടി സ്വദേശി വെട്രിവേൽ തട്ടിയെടുത്തത്. പാലക്കാട് ഒലവക്കോട് ജങ്ഷൻ റെയിൽവേസ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്.
Content Highlights: tn man held in palakkad for abducting odisha couples toddler from train