ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭാപരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ്കുമാറിനെ (47) മലപ്പുറം വിജിലൻസ് അറസ്റ്റുചെയ്തത്.
ഈ കേസിൽ തിരൂർ നഗരസഭയിലെ താത്കാലിക വാച്ച്മാൻ ഷിഹാബുദ്ദീനെയും ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ സതീഷിനെയും മലപ്പുറം വിജിലൻസ് കഴിഞ്ഞ ജനുവരിയിൽ അറസ്റ്റുചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, ജി.വി. വിനോദ്കുമാർ പരാതിക്കാരനെ ഫോണിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിന് 3000 രൂപ നേരിട്ടും 1300 രൂപ ഗൂഗിൾപേ വഴിയും വാങ്ങിയതായി കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിനോദ്കുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിനോദ്കുമാറിനെ സസ്പെൻഡ് ചെയ്തതായി നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി അറിയിച്ചു.
Content Highlights: Public Health Inspector G.V. Vinodkumar arrested for bribery., Bribe linked to issuing license for an Ayurvedic wellness center