'ഫ്‌ളാറ്റിലെ വിലാസത്തിൽ പട്ടികയിലുള്ളവർ കള്ളവോട്ട് ചെയ്തെന്ന് ആളുകൾ പറഞ്ഞാണറിഞ്ഞത്; ആരെയും അറിയില്ല'

തൃശ്ശൂര്‍: തൃശ്ശൂരിലെ വോട്ടര്‍പ്പട്ടിക ക്രമക്കേടില്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ. തന്റെ ഫ്‌ളാറ്റായ തൃശ്ശൂര്‍ പൂങ്കുന്നം ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിന്റെ വിലാസത്തില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ഫ്‌ളാറ്റിലെ താമസക്കാരിയായ പ്രസന്ന അശോകന്‍ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും പ്രസന്ന മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. വീട്ടമ്മയുടേതടക്കം പത്തുപേരുടെ പേരുകളാണ് ഈ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് വോട്ടര്‍പ്പട്ടികയിലുള്ളത്. ഇതില്‍ ബാക്കി ഒന്‍പതു പേരെയും വീട്ടമ്മയ്ക്ക് അറിയില്ല.
ക്യാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലെ ഫോര്‍ സി അപ്പാര്‍ട്ട്‌മെന്റിലാണ് പ്രസന്നയുടെ താമസം. ഈ ഫ്‌ളാറ്റുവാസികളായി വോട്ടര്‍പ്പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ തങ്ങള്‍ അറിയുന്നവരോ തങ്ങളുടെ ബന്ധത്തിലുള്ളതോ അല്ലെന്ന് വീട്ടമ്മ പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഫ്‌ളാറ്റുവിലാസത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് പറഞ്ഞ് ഒരു പ്രശ്‌നമുണ്ടായിരുന്നതായി പറയുന്നത് കേട്ടിരുന്നു. അന്നൊന്നും അറിയില്ലായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ വന്ന് ആവശ്യപ്പെട്ടതു പ്രകാരം പരാതി നല്‍കുകയായിരുന്നു. അതില്‍ ഒരു നടപടിയുമുണ്ടായില്ലെന്നും വീട്ടമ്മ പറഞ്ഞു.
പൂങ്കുന്നത്തെ ഹരിശ്രീ സ്‌കൂളിലായിരുന്നു അന്ന് പോളിങ് സ്‌റ്റേഷന്‍ ഉണ്ടായിരുന്നത്. ഹരിശ്രീ സ്‌കൂളില്‍ തിരഞ്ഞെടുപ്പ് നടന്ന ദിവസം കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപിച്ച് യുഡിഎഫും എല്‍ഡിഎഫും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് എല്‍ഡിഎഫുകാരും യുഡിഎഫുകാരും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. കോണ്‍ഗ്രസുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഈ വില്ലയില്‍ ക്രമക്കേട് നടന്നതായി മനസ്സിലാക്കി. പിന്നീട് വീട്ടമ്മയെ ബന്ധപ്പെട്ട് അവരോട് ഈ ആളുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒന്നുമറിയില്ലായിരുന്നു. ഇതോടെ കോണ്‍ഗ്രസുകാര്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം വീട്ടമ്മ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എന്നാല്‍ ഇതില്‍ ഒരു നടപടിയുമുണ്ടായില്ല.
വോട്ടര്‍ സ്ലിപ്പ് കൊടുക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യം തിരിച്ചറിയുന്നതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഈ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുകയും ചെയ്തു. ഇവരുടെയെല്ലാം പേരുകള്‍ വോട്ടര്‍പട്ടികയിലുണ്ടെന്നും അതിനാല്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ അവകാശമുണ്ടെന്നുമായിരുന്നു അന്ന് ജില്ലാ വരണാധികൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇത്തരത്തില്‍ പല തരത്തിലുള്ള ക്രമക്കേടുകള്‍ തൃശ്ശൂരില്‍ നടന്നിട്ടുണ്ടെന്നുള്ള ആരോപണങ്ങള്‍ ശക്തമാണ്.
Content Highlights: Thrissur Voter List Irregularities Exposed: Homemaker Alleges Fraudulent Entries