തൃശ്ശൂരിലെ ഫ്‌ളാറ്റിന്റെ വിലാസത്തിൽ 10 വോട്ട്, ഇവരേക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് വീട്ടുടമ

Photo: PTI
Photo: PTI

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും വോട്ടു ക്രമക്കേട് നടന്നെന്ന പരാതിക്ക് തെളിവായി പൂങ്കുന്നം ഭാഗം ഒന്നിന്റെ (ബൂത്ത് നമ്പർ 30) വോട്ടർപട്ടികയുമായി യുഡിഎഫ്. ഹരിശ്രീ വിദ്യാനിധി സ്കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തിൽ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്ലാറ്റ് വിലാസത്തിൽ പത്തു വോട്ടുകളാണ് അവസാനഘട്ടത്തിൽ കൂട്ടിച്ചേർത്തത്.

പൂങ്കുന്നം ആശ്രമം ലെയിൻ ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റ് സമുച്ചയത്തിൽ 4 സി ഫ്ലാറ്റിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭർത്താവ്, മകൻ, മകന്റെ ഭാര്യ എന്നിവർക്ക് ചേർപ്പ് പൂച്ചിന്നിപ്പാടത്താണ് വോട്ടുള്ളത്. 

ഇവരുടെ ക്യാപിറ്റൽ വില്ലേജ് 4 സി എന്ന ഫ്ലാറ്റ് വിലാസത്തിൽ ക്രമനമ്പർ 1304- മനീഷ് എം.എസ്. (അച്ഛന്റെ പേര്: സുരേന്ദ്രൻ), ക്രമനമ്പർ 1307- മുഖാമിയമ്മ (ഭർത്താവിന്റെ പേര്: സദാശിവൻ), 1308- സൽജ കെ. (ഭർത്താവിന്റെ പേര്: ശിവദാസൻ), 1313-മോനിഷ (അച്ഛന്റെ പേര് സുധ), 1314-സന്തോഷ് കുമാർ എസ്. (അച്ഛന്റെ പേര്: സുരേന്ദ്രൻ ആർ.), 1315-സജിത് ബാബു പി. (കുട്ടികൃഷ്ണൻ നായർ), 1316- അജയകുമാർ എസ്. (ശ്രീകുമാരൻ നായർ), 1318-സുഗേഷ് (അച്ഛന്റെ പേര്: സുബ്രഹ്മണ്യൻ), 1319- സുധീർ (അച്ഛന്റെ പേര്: അയ്യപ്പൻ), 1321- ഹരിദാസൻ (അച്ഛന്റെ പേര് സദാശിവൻ) എന്നീ പേരുകളാണ് കൂട്ടിച്ചേർത്തത്.

ഇതിൽ ആരെയും തനിക്ക് പരിചയമില്ലെന്ന് പ്രസന്ന അശോകൻ മാതൃഭൂമിയോട് പ്രതികരിച്ചു. അച്ഛന്റെയോ ഭർത്താവിന്റെയോ പേര് പരിശോധിച്ചാൽ ഇവർ ഒരു കുടുംബത്തിൽപ്പെട്ട അംഗങ്ങൾ പോലുമല്ലെന്ന് വ്യക്തമാണെന്ന് യുഡിഎഫും ആരോപിച്ചു.

2024 ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെട്ട ഈ പേരുകൾ സംബന്ധിച്ച് വോട്ടെടുപ്പിനു മുൻപേതന്നെ രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്. 30-ാം ബൂത്തിലെ ക്യാപിറ്റൽ വില്ലേജ്, ചൈത്രം അപ്പാർട്ട്‌മെന്റ്, ടോപ് പാരഡൈസ് എന്നീ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ 45 വ്യാജ വോട്ടുകളുണ്ടെന്ന് ഏപ്രിൽ 24-നാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയത്.

വോട്ടേഴ്സ് സ്ലിപ് നൽകുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ആഷിഷ് മൂത്തേടത്ത്, ബൂത്ത് പ്രസിഡന്റ് വി.കെ. അനിൽ എന്നിവർ പറഞ്ഞു. വോട്ടെടുപ്പിനിടെ ബൂത്തിൽ തർക്കമുണ്ടായിരുന്നെങ്കിലും പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടുചെയ്യാമെന്ന് കളക്ടർ നിലപാട് എടുക്കുകയാണുണ്ടായത്.

Content Highlights: UDF alleges voter fraud in Thrissur with 10 fake votes added to a single address