വീട്ടുവളപ്പിൽ ഇരവിഴുങ്ങി അനങ്ങാതെ രാജവെമ്പാല; പിടികൂടിയപ്പോൾ ഛർദ്ദിച്ചത് അഞ്ചടിയുള്ള മലമ്പാമ്പിനെ!

തൃശ്ശൂർ: മലമ്പാമ്പിനെ വിഴുങ്ങി വീട്ടുവളപ്പിലെ വഴിയിൽക്കിടന്ന രാജവെമ്പാലയെ പിടികൂടി കാട്ടിലയച്ചു. വ്യാഴാഴ്ച രാവിലെ പട്ടിക്കാട് ചാണോത്ത് പാറയ്ക്കൽ മോഹിനിയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം.
ഏകദേശം ഒൻപതടി നീളമുള്ള രാജവെമ്പാല ഇരവിഴുങ്ങി സ്ഥലത്തുനിന്ന് മാറാതെ കിടക്കുന്നതു കണ്ടപ്പോൾ വീട്ടുകാർ വനംവകുപ്പിന്റെ പട്ടിക്കാട് ഓഫീസിൽ വിവരം അറിയിച്ചു. വനംവകുപ്പിന്റെ ആർ.ആർ.ടി. അംഗം ചെമ്പുക്കാവ് പി.ആർ. അജീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഏകദേശം അഞ്ചടി നീളമുള്ള മലമ്പാമ്പിന്റെ ജഡം രാജവെമ്പാല ഛർദിച്ചു. രാജവെമ്പാലയെ ഉൾക്കാട്ടിൽ തുറന്നുവിട്ടു.
മലമ്പാമ്പും രാജവെമ്പാലയുടെ ഭക്ഷണം
മറ്റ് പാമ്പുകളെ മാത്രം ആഹാരമാക്കുന്ന സ്വഭാവമുള്ളവയാണ് രാജവെമ്പാലകൾ. രാജവെമ്പാല മലമ്പാമ്പിനെ ആക്രമിച്ചുകൊന്ന് ഭക്ഷിക്കാറുണ്ട്. മലമ്പാമ്പിനെ കൊത്തി വിഷം ഉള്ളിൽ കടത്തിയാണ് കീഴ്‌പ്പെടുത്തുക.
മലമ്പാമ്പുകൾക്ക് വലുപ്പം കൂടുതലാണെങ്കിലും രാജവെമ്പാലയുടെ വിഷം ശരീരത്തിൽക്കയറിയാൽപ്പിന്നെ അവ കീഴടങ്ങും. വയറിന്റെ ഭാഗത്തെ വലുപ്പത്തേക്കാൾ ഇരട്ടി വലുപ്പമുള്ള ഇരയെ വിഴുങ്ങാനുള്ള ശേഷി പാമ്പുകൾക്കുണ്ട്.- ലിജോ കാച്ചേരി റെസ്ക്യൂ വിദഗ്‌ധൻ
Content Highlights: A nine-foot-long King Cobra that ventured into a residential property in Pattikkad, Thrissur, was safely rescued by the Forest Department after it swallowed a five-foot-long python and became unable to move.