പുലികളികലാകാരൻ, കോവിഡ്കാലത്തെ സന്നദ്ധപ്രവർത്തനം; കഷ്ടപ്പാടിനോടുപോരാടി രാകേഷിന്റെ ജീവിതം,ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
രാകേഷ്, അഭിജിത്ത്, വിഷ്ണു വിനോദ്, ഗിരീഷ്, സുരേഷ്
രാകേഷ്, അഭിജിത്ത്, വിഷ്ണു വിനോദ്, ഗിരീഷ്, സുരേഷ്

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ മരിച്ച നാലുപേരെക്കൂടി തിരിച്ചറിഞ്ഞു. ഡി.എൻ.എ. ഫലം വന്നതോടെയാണിത്. ചികിത്സയിലുണ്ടായിരുന്ന ഒരാൾ തിങ്കളാഴ്ച മരിച്ചു. ഇതോടെ മരണസംഖ്യ 16 ആയതായി അധികൃതർ അറിയിച്ചു.

ചികിത്സയിലുണ്ടായിരുന്ന കുണ്ടന്നൂർ ചീരാത്ത് രാജന്റെ മകൻ രാകേഷ് (29) ആണ് തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെ മരിച്ചത്. എൺപത് ശതമാനം പൊള്ളലേറ്റ രാകേഷ് തീപ്പൊള്ളൽ ഐ.സി.യു.വിൽ വെന്റിലേറ്ററിലായിരുന്നു.

അപകടം നടക്കുമ്പോൾ വെടിക്കെട്ട് നിർമാണശാലയിലുണ്ടായിരുന്ന അഭിജിത്ത്, വിഷ്ണു വിനോദ്, ഗിരീഷ്, സുരേഷ് എന്നിവരെയാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. ഇവരെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അപകടസ്ഥലത്തുനിന്ന് ശരീരഭാഗങ്ങൾ മാത്രമാണ് കിട്ടിയിരുന്നത്. ഇത് ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് തിരിച്ചറിയൽ. ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 26-ന് രാത്രി 11.15-ന് അടിയന്തര യോഗം ചേർന്നു.

ഡി.എൻ.എ. പരിശോധനാ ഫലം, പോലീസ് റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ, കണ്ടെത്തിയ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശരീരഭാഗങ്ങൾ ലഭിച്ചവരുടെ ബന്ധുക്കളുമായി 27-ന് രാവിലെ 10.30-ന് ജില്ലാകളക്ടർ യോഗം നടത്തി വിവരങ്ങൾ ബോധ്യപ്പെടുത്തി.

അപകടത്തിൽപ്പെട്ട നാലുപേർകൂടി ചികിത്സയിലുണ്ട്. എല്ലാവരും അപകടനില തരണം ചെയ്തു. രണ്ടുപേർ ഗവ. മെഡിക്കൽ കോളേജിലും രണ്ടുപേർ എലൈറ്റ് ആശുപത്രിയിലുമാണ് .

കോട്ടപ്പുറം ചേലാട്ട് ലെയിനിൽ പള്ളത്ത് കരുമാലി പരേതനായ മോഹനന്റെ മകനാണ് ഗിരീഷ് ( ഗിരി-42). അമ്മ ഗൗരി (74) വെടിക്കെട്ടപകടത്തിൽ ഗിരിയെ കാണാതായശേഷം ഏപ്രിൽ 23-നാണ് അന്തരിച്ചത്. അച്ഛൻ മോഹനൻ മൂന്നുവർഷം മുൻപാണ് മരിച്ചത്. സഹോദരൻ: ഹരി. വടക്കാഞ്ചേരി തെക്കുംകര ചോരത്ത് അയ്യപ്പന്റെ മകനാണ് സുരേഷ് (51). അമ്മ :ദേവു. ഭാര്യ: ബിന്ദു. മകൾ: ആദിശ്രീ. വെടിക്കെട്ട് സാമഗ്രി നിർമാണത്തിൽ 20 വർഷത്തെ പരിചയമുണ്ടായിരുന്ന ആളാണ് സുരേഷ്.

മനക്കൊടി കോലാട്ടുപുരയ്‌ക്കൽ വിഷ്ണുവിനോദ് (35) നിലവിൽ പുതൂർക്കരയിലാണ് താമസിക്കുന്നത്. അച്ഛൻ: വിജയൻ. അമ്മ: കാന്തിമതി. സഹോദരി: വിജയശ്രീ. പുതൂർക്കര അരങ്ങത്ത് വീട്ടിൽ പരേതനായ ബാബുമേനോന്റെ മകനാണ് അഭിജിത്ത് (27). അമ്മ: ജിജി ബാബു. സഹോദരങ്ങൾ: അഞ്ചൽ, ആഗ്നസ്.

നഷ്ടപ്പെട്ടത് കുടുംബത്തിന് തണലായവനെ

എരുമപ്പെട്ടി: വെടിക്കെട്ട് നിർമാണത്തൊഴിലാളി എന്നതിലുപരി രാകേഷ് പുലിക്കളികലാകാരൻ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. 200 കിലോയ്ക്കു മുകളിൽ ഭാരമാണുണ്ടായിരുന്നത്. കഴിഞ്ഞ പുലിക്കളിക്ക് വിയ്യൂർ യുവജനസംഘത്തിനായാണ് പുലിവേഷം കെട്ടിയത്. സഹപ്രവർത്തകനെ അവസാനമായി കാണാൻ വിയ്യൂർ യുവജനസംഘം പുലിക്കളിസംഘത്തിലെ കൂട്ടുകാരും എത്തിയിരുന്നു.

സീസൺ വരുമ്പോൾ മാത്രമാണ് വെടിക്കോപ്പ് നിർമാണത്തിന് പോകുക. ഒൻപതുവർഷമായി വെടിക്കോപ്പുനിർമാണത്തിന് പോകുന്നുണ്ട്. പൂരം തുടങ്ങിയാൽ പൂരപ്പറമ്പുകളിൽ ശീതളപാനീയങ്ങൾ വിറ്റും ജീവിക്കാനുള്ള തുക കണ്ടെത്തും. എന്ത് പണിയെടുത്തും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബത്തിന് ജീവിതമാർഗം കണ്ടെത്തുന്ന സ്ഥിരോത്സാഹിയെയാണ് നഷ്ടപ്പെട്ടത്. വീട്ടുകാർക്ക് മാത്രമല്ല, നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു.

ഏതുസമയത്തും ഏതാവശ്യത്തിനും ഓടിയെത്തുന്ന സന്നദ്ധപ്രവർത്തകനും ആയിരുന്നു. കോവിഡ്കാലത്ത് ജീവൻ പണയപ്പെടുത്തി മെഡിക്കൽ കോളേജിലും നാട്ടിലും സന്നദ്ധപ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. തറവാട്ടിൽനിന്ന്‌ മാറി തൊട്ടടുത്ത ചെറിയ വീട്ടിലാണ് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം.

അച്ഛൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽനിന്ന്‌ അറ്റൻഡറായി വിരമിച്ച് വിശ്രമജീവിതത്തിലാണ്. ഇതിനിടെ തളർന്ന് കിടപ്പിലുമായി. അമ്മയെയും ശാരീരികബുദ്ധിമുട്ടുകളും അസുഖങ്ങളും അലട്ടുന്നുണ്ട്. സഹോദരി രേഷ്മ വിവാഹിതയാണ്. രാകേഷിലായിരുന്നു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും. ചികിത്സയിൽ കഴിയുമ്പോൾ ഇന്നല്ലെങ്കിൽ നാളെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ടതോടെ വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും പിടിച്ചുനിൽക്കാനായില്ല. മൃതദേഹത്തിന് ഭാരം കൂടുതലായതിനാൽ സ്ട്രച്ചറിൽ കയറ്റാൻ കഴിഞ്ഞില്ല. വളരെ പ്രയാസപ്പെട്ടാണ് ആംബുലൻസിലേക്ക് കയറ്റിയത്. 2.45-ന് മൃതദേഹം ജന്മനാട്ടിലെത്തിച്ചു.

വീട്ടിൽ സ്ഥലപരിമിതിയുള്ളതിനാൽ അച്ഛന്റെ സഹോദരൻ താമസിക്കുന്ന തറവാട്ടുവീട്ടിലായിരുന്നു പൊതുദർശനം. സഹോദരി രേഷ്‌മ അന്ത്യകർമങ്ങൾ ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളും പൊതുപ്രവർത്തകരും അടങ്ങുന്ന വലിയ ജനാവലി അന്ത്യകർമങ്ങളിൽ പങ്കെടുത്തു. എ.സി. മൊയ്തീൻ എം.എൽ.എ., മുൻമന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം. ബാലാജി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്‌കരിച്ചു.

Content Highlights: Death toll in the Mundathikode fireworks explosion has officially risen to 16., Four victims were identified through DNA testing of remains found at the site., Rakesh, a 29-year-old survivor, passed away during treatment., District Disaster Management Authority authorized the handover of remains to families., Four other survivors remain in stable condition across two hospitals.