‘പ്രതാപൻ നടത്തിയത് പരസ്യ അധിക്ഷേപം’; ഉണ്ണിയാടന്റെ നീക്കത്തിന് പിന്നിൽ കോൺഗ്രസിന്റെ ചരടുവലി സംശയിച്ച് ജോസഫ് ഗ്രൂപ്പ്, കത്തുനൽകും

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ തോമസ് ഉണ്ണിയാടൻ എം.എൽ.എ. നടത്തുന്ന എതിർനീക്കങ്ങളെ അതിരുവിട്ട് പിന്തുണയ്ക്കുന്നതിനെതിരേ കേരള കോൺഗ്രസ്, കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകും.
ഉണ്ണിയാടനുള്ള സ്വീകരണസമ്മേളനം എന്ന പേരിൽ നടത്തിയ യോഗത്തിൽ എ.ഐ.സി.സി. സെക്രട്ടറി ടി.എൻ. പ്രതാപൻ നടത്തിയ പ്രസംഗം മുന്നണിമര്യാദകളുടെ ലംഘനമാണെന്ന് ജോസഫ് ഗ്രൂപ്പ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ്. കൺവീനർ അടൂർപ്രകാശ് എന്നിവർക്കാണ് കത്ത് നൽകുക. പ്രതാപന്റെ ആക്ഷേപത്തിലുള്ള അതൃപ്തി മന്ത്രി മോൻസ് ജോസഫ് വാക്കാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പാർട്ടി അധികാരത്തിൽവന്നപ്പോൾ മുതിർന്ന നേതാവായ തന്നെ അധികാരസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന പരാതി ഉയർത്തിയാണ് ഉണ്ണിയാടന്റെ നീക്കം.
സ്വീകരണസമ്മേളനം കോൺഗ്രസ് നേതാക്കളുടെ ബഹുലമായ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. സമ്മേളനത്തിൽ പ്രസംഗിച്ച ടി.എൻ. പ്രതാപൻ ചീഫ് വിപ്പ് സ്ഥാനത്തേക്ക് മക്കളെയല്ല കൊണ്ടുവരേണ്ടതെന്ന് വിമർശിച്ചു.
തോമസ് ഉണ്ണിയാടന്റെ അപ്പൻ മന്ത്രിയായിട്ടുണ്ടാകില്ല, ചെയർമാനായിട്ടുണ്ടാകില്ല, മറ്റെന്തെങ്കിലും സ്ഥാനം ചോദിച്ചിട്ടുണ്ടാകില്ല എന്നുപറഞ്ഞ് നടത്തിയ വിമർശനം പി.ജെ. ജോസഫിനെ ഉദ്ദേശിച്ചുള്ളതായിരുന്നു.
മുന്നണിയിലെ മുതിർന്ന നേതാവും പാർട്ടി ചെയർമാനുമായ ജോസഫിനെ പരസ്യമായ അധിക്ഷേപിച്ചത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് തിരുത്തിക്കണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഉണ്ണിയാടന്റെ നീക്കങ്ങൾക്കുപിന്നിൽ കോൺഗ്രസിന്റെ ചരടുവലിയുണ്ടെന്ന നിഗമനവും ജോസഫ് ഗ്രൂപ്പിനുണ്ട്.
കേരള കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായ ഉണ്ണിയാടൻ നടപടിക്ക് വിധേയനായി പാർട്ടിക്ക് പുറത്തുപോകാനുള്ള ശ്രമത്തിലാണെന്നാണ് വിലയിരുത്തൽ. സ്വന്തംനിലയ്ക്ക് പാർട്ടി വിട്ടാൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യത വരാം.
ഉണ്ണിയാടൻ ഉയർത്തുന്ന വെല്ലുവിളി തത്കാലം കണ്ടില്ലെന്ന് നടിക്കുന്ന നിലപാടിലാണ് കേരള കോൺഗ്രസ്. മന്ത്രിസ്ഥാനത്ത് മോൻസ് ജോസഫും ചീഫ് വിപ്പ് സ്ഥാനത്ത് അപു ജോൺ ജോസഫും നിയമിതരായ സ്ഥിതിക്ക് ഉടനടി തനിക്കനുകൂലമായ ഒരു തീരുമാനം ഉണ്ടാകാനിടയില്ലെന്ന് ഉണ്ണിയാടൻ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരസാധ്യത വിദൂരമാണുതാനും.
Content Highlights: Kerala Congress plans to send a letter to Congress leadership opposing support for MLA Thomas Unniyadan's dissent within the party.