തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; പകരം മാഡിസൺ മാതൃകയിൽ സ്‌ക്വയർ നിർമിക്കും

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ, പശ്ചാത്തലത്തിൽ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങൾ
മുഖ്യമന്ത്രി വി.ഡി. സതീശൻ, പശ്ചാത്തലത്തിൽ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങൾ

കൊച്ചി: തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് കഴിയേണ്ടതെന്നും അതിനാൽ മൃഗശാല വനത്തിന് സമീപത്തേക്കാണ് മാറ്റുകയെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് യുഎസ്സിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം ഉണ്ടാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. കേരളാ ട്രാവൽ മാർട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി ഞാൻ പ്രഖ്യാപിച്ചിരുന്നു. മൃഗശാല കാടിനടുത്തേക്ക് മാറ്റി സ്ഥാപിക്കണം. നഗരത്തിൽ പാർപ്പിക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. അവർ വനത്തിന്റെ അതിർത്തിയിൽ അവരുടേതായ ആവാസവ്യവസ്ഥയിലാണ് ജീവിക്കേണ്ടത്. ആ സ്ഥലം ഒരു ചത്വരമായി മാറും; മാഡിസൺ സ്‌ക്വയർ പോലെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കായി സംസ്ഥാനത്തുടനീളം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ടാകും. അതാണ് ഞങ്ങളുടെ പദ്ധതി.' -മുഖ്യമന്ത്രി പറഞ്ഞു.

ഇതിനൊപ്പം വേറേയും പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തി. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും, കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് എന്നിവ സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നേരത്തേയും തിരുവനന്തപുരം നഗരഹൃദയത്തിൽ നിന്ന് മൃഗശാല മാറ്റണമെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ഇതിനെ അനുകൂലിച്ചപ്പോൾ സിപിഎം എതിർത്തു.

കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിലും മൃഗശാല മാറ്റുന്ന കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. മൃഗശാല ഇപ്പോഴുള്ള സ്ഥലത്ത് താൻ കണ്ണുവെച്ചിട്ടുണ്ടെന്നത് സത്യമാണെന്നും അത് വിൽക്കാനല്ല, മറിച്ച് തിരുവനന്തപുരത്തിന് അഭിമാനകരമായ സ്ഥലമാക്കി അതിനെ മാറ്റാനാണെന്നുമാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

Content Highlights: Inaugurating the Kerala Travel Mart, CM VD Satheesan announced plans to shift Thiruvananthapuram Zoo to a forest-adjacent natural habitat and redevelop the present city location into a public plaza inspired by Madison Square.