നഗരസഭയിലെ തമ്മിലടി: മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്; വനിതാ കൗൺസിലർമാരെ ആക്രമിച്ചതിനും കേസ്

#ന്യൂസ് ഡെസ്ക്
തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന കയ്യാങ്കളി | PHOTO: PTI
തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന കയ്യാങ്കളി | PHOTO: PTI

തിരുവനന്തപുരം: തിങ്കളാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെത്തുടർന്ന് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. ബിജെപി കൗൺസിലർമാർക്കെതിരെ യുഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിലാണ് ആദ്യത്തെ കേസ്. പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് പോലീസ് സ്വമേധയാ എടുത്ത മറ്റു രണ്ട് കേസുകൾ.

യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ ബിജെപി കൗൺസിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗൺസിലർമാരും പ്രതികളാണ്. വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മർദനമേറ്റ പാളയം വാർഡ് കൗൺസിലർ ഷെർലി, നാലാഞ്ചിറ കൗൺസിലർ ത്രേസ്യാമ്മ എന്നിവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മുഖത്തും കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

മറ്റ് രണ്ട് കേസുകൾ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്. പൊതുവഴി തടസ്സപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. ഇതിൽ ഒരു എഫ്.ഐ.ആറിൽ എൽഡിഎഫ് കൗൺസിലർമാരായ എസ്.പി. ദീപക്, കെ. ശ്രീകുമാർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. രണ്ടാമത്തെ എഫ്.ഐ.ആറിൽ കെ.എസ്. ശബരീനാഥ്, മേരി പുഷ്പം എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

തിങ്കളാഴ്ച ഹാജർ രജിസ്റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് വഴിമാറിയത്. എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം കഴിഞ്ഞ് പുറത്തുപോയ സമയത്ത് ബിജെപി-കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു. കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട രേഖകളിൽ കോൺഗ്രസ് കൗൺസിലർ ശബരീനാഥ് അടക്കമുള്ളവർ തിരിമറി നടത്താൻ ശ്രമിച്ചെന്ന ബിജെപി കൗൺസിലർമാരുടെ ആരോപണമാണ് സംഘർഷത്തിന് കാരണമായത്.

Content Highlights: Three separate FIRs registered following a violent brawl in the municipal council., Injuries reported among female councilors currently receiving treatment., Conflict originated from disputes over attendance register signatures and document tampering allegations., Police cases filed against BJP, UDF, and LDF councilors for physical assault and obstructing public roads.