മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ എലി കടിച്ചു; നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജെന്ന് ആരോപണം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റ രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായി ആരോപണം. പൗഡിക്കോണം സ്വദേശിയായ അമ്പത്തെട്ടുകാരി ഗിരിജകുമാരിയുടെ കാലിലാണ് കഴിഞ്ഞ ശനിയാഴ്ച എലി കടിച്ചത്.
തീവ്രപരിചരണ വിഭാഗമായ യെല്ലോ സോണിൽ ഡയാലിസിസിനുശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് സംഭവം. ഗിരിജകുമാരിയുടെ കാലിലെ രണ്ടു വിരലുകളിലാണ് എലി കടിച്ചത്. വിരലുകളുടെ നഖവും അതിനുചേർന്നുള്ള മാംസവും എലി കടിച്ചെടുത്തിരുന്നു. ഡ്യൂട്ടി നഴ്‌സ് എത്തി ഗിരിജയുടെ കൂടെയുണ്ടായിരുന്നവരെ വിവരമറിയിച്ചു. തുടർന്ന് ഗിരിജയെ പ്രിവന്റീവ് ക്ലിനിക്കിലെത്തിച്ചു.
ഡോക്ടർ പരിശോധിച്ചശേഷം പുലർച്ചെയോടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ട് തിരികെ വാർഡിലേക്ക് മാറ്റി. എലികടിയേറ്റ സംഭവം പുറത്തറിഞ്ഞതോടെയാണ് ഇവർക്ക് നിർബന്ധിത ഡിസ്ചാർജ് നൽകി വീട്ടിലേക്കയച്ചത്.
മെഡിക്കൽ കോളേജിലെ മാലിന്യനീക്കം നിലച്ചിട്ട് നാളുകളായി. ടോയ്‌ലറ്റുകളും വാർഡും ഉൾപ്പെടെ വൃത്തിയാക്കുന്നില്ലെന്നും ആരോപണമുണ്ട്.
Content Highlights: thiruvananthapuram medical college icu rat bite compelled discharge